2010 ഓഗസ്റ്റ് 5, വ്യാഴാഴ്‌ച

ഊഴമണയും മുമ്പേ.....

കരിപ്പൂരില്‍ വിമാനമിറങ്ങി വീട്ടിലെത്തുമ്പോള്‍ അര്‍ദ്ധരാത്രി കഴിഞ്ഞിരുന്നു. ബന്ധുക്കളില്‍ ഏറ്റവും അടുത്തവരില്‍ ചിലര്‍ മാത്രമേ അപ്പോള്‍ വീട്ടിലുണ്ടായിരുന്നുള്ളൂ, ബക്കിയെല്ലാവരും 'നാളേക്കാണാം' എന്ന വാക്കില്‍ പിരിഞ്ഞു പോയിരിക്കുന്നു.
കഴിഞ്ഞ വരവുകളിലെല്ലാം തന്നെ എതിരേല്‍ക്കാനായി വഴിക്കണ്ണുമായി കാത്തിരുന്ന പിതാവിന്റെ ചിത്രം ഒരിക്കല്‍ കൂടി അയാളുടെ ഉള്ളില്‍ തെളിഞ്ഞു. ഉള്ളിന്റെ ഉള്ളില്‍ നിന്നും ഉയരുന്ന മോനേ എന്ന വിളിയുമായി കോലായില്‍ കാത്തു നില്‍ക്കാന്‍ ഇനി ബാപ്പയില്ല.

നടുവകത്ത് ബാപ്പയെ കിടത്തിയിരിക്കുന്നു.

മരത്തിന്റെ മച്ചുള്ള നടുവകത്ത് എപ്പോഴും തണുപ്പാണ്. ചൂട് ദുസ്സഹമായ വേനല്‍ പകലുകളില്‍ സ്വന്തം മുറി വിട്ട് ഈ നടുവകത്താണ് ബാപ്പ ഉച്ച മയങ്ങാറുള്ളത്. ഇന്ന് സ്വന്തം ഭവനത്തിലെ അല്പ നേരത്തേക്കു കൂടി മാത്രം നീളുന്ന അന്ത്യവിശ്രമത്തില്‍ നടുവകമാകെ ബാപ്പ നിറഞ്ഞിരിക്കുന്നതായി അയാള്‍ക്കു തോന്നി. ഉള്ളില്‍ തിങ്ങിയ ഒരു പുഞ്ചിരി ബപ്പായുടെ മുഖത്തു കവിയുന്നതു പോലെ.

പതുക്കെ, വളരെപ്പതുക്കെ ആ നെറ്റിയിലും നെഞ്ചിലും മുഖമമര്‍ത്തി.

എന്നത്തേയും പൊലെ ബാപ്പ തന്നെയൊന്നു അണച്ചാശ്ലേഷിച്ചെങ്കില്‍ എന്ന് അയാളുടെ ഉള്ളം ദാഹിച്ചു പോയി. ഈ ഭൂമിയില്‍ വെച്ച് ഇനിയൊരിക്കലും അതുണ്ടാവില്ലെന്ന ഉള്ളുരുക്കം കണ്ണീരായി ബാപ്പാടെ നെഞ്ചിലേക്കൊഴുകി.

മനസ്സാന്നിദ്ധ്യം വിണ്ടുകിട്ടി എന്നുറപ്പായപ്പോള്‍ പിന്നില്‍ നിന്നും ഭാര്യ അയാളെ തൊട്ടു വിളിച്ചു.

" നിങ്ങള്‍ എത്തുന്നതും കാത്തിരിക്കുകയായിരുന്നു മക്കള്‍ ഇതു വരെ. നാളത്തെ കാര്യങ്ങളിലെല്ലാം മോനെയും കൂടെക്കൂട്ടണമെന്ന് ചട്ടം കെട്ടിയാണ് അവന്‍ ഉറങ്ങാന്‍ കിടന്നിരിക്കുന്നത്".

ഏഴു വയസ്സുകാരനായ മകനും എഴുപത്തഞ്ചു കഴിഞ്ഞ ബാപ്പയും തമ്മിലുള്ള ആത്മബന്ധത്തെക്കുറിച്ച് ഭാര്യ എഴുതാറുള്ളത് അയാള്‍ ഓര്‍ത്തു.

സ്കൂളില്‍ പോകാന്‍ പൊതുവെ മടിയുള്ള ആളല്ല മകന്‍. എങ്കിലും ചില ദിവസങ്ങളില്‍ കാലത്തുണര്‍ന്നാല്‍ അവനൊന്നു ചിണുങ്ങും. ഉള്ളിലുള്ള ഏതെങ്കിലും ആവശ്യം സാധിച്ചു കിട്ടാനുള്ള അടവാണ് ഇതെന്നറിയാവുന്ന ബാപ്പ അവനെ ഭീഷണിപ്പെടുത്തും,

"സ്ക്കൂളില്‍ പോകാന്‍ മടിയാണെങ്കില്‍ ഞാന്‍ നിനക്കിനി ഒന്നും വാങ്ങിത്തരില്ല".

ഉള്ളിലിരിപ്പു പുറത്തെടുക്കാന്‍ അവസരം കിട്ടിയ മകന്‍ സ്കൂളില്‍ പോകാമെന്നു സമ്മതിക്കും, തിരിച്ചു വരുമ്പോഴേക്കും അവനു വേണ്ടതെല്ലാം വാങ്ങി വെച്ചിരിക്കും എന്നൊരു നിബന്ധന സ്വീകാര്യമാണെങ്കില്‍ മാത്രം.

എല്ലാം ശരിയാക്കാം എന്നു ബാപ്പ വാക്കു കൊടുക്കും.

ആ ഉറപ്പില്‍ സന്തോഷത്തോടെ അവന്‍ യാത്രയാവുകയും ചെയ്യും.

വൈകുന്നേരം വീട്ടു പടിക്കല്‍ ആട്ടോറിക്ഷ ഇറങ്ങിയാല്‍ അവന്‍ ആദ്യം നോക്കുന്നത് കോലായുടെ തെക്കേ മൂലയിലേക്കായിരിക്കും. അവിടെ, പുറപ്പെടാന്‍ നേരം താന്‍ നല്‍കിയ കല്പനകളെല്ലാം ശിരസ്സാ വഹിച്ച്, പറഞ്ഞതെല്ലാം വാങ്ങി കോലായത്തിണ്ണയില്‍ നിരത്തി വെച്ച് ശീലക്കസാലയില്‍ അവനെയും കാത്ത് ബാപ്പ കിടപ്പുണ്ടാവും. സ്കൂള്‍ ബാഗ് വലിച്ചെറിഞ്ഞ് പിന്നെ ബാപ്പാടെ നെഞ്ചിലോക്കൊരു ചാട്ടമാണ്. ഏറെ നേരത്തേക്ക് പിന്നെ അവരില്‍ ആരാണ് ബാപ്പയെന്നോ ആരാണ് ചെറുമകനെന്നോ തിരിച്ചറിയാനാവില്ല എന്നാണ് ഭാര്യ എഴുതാറ്. ഏഴു വയസ്സുകാരനും എഴുപത്തഞ്ചുകാരനും ഒരേ പ്രായക്കാരായി മാറുന്നു.

തന്നേക്കാള്‍ തന്റെ മക്കളിലായിരിക്കും ബാപ്പയില്ലാത്ത ശൂന്യത കൂടുതല്‍ തീവ്രമായിരിക്കുക എന്നയാള്‍ക്കു തോന്നി.

നേരം പുലര്‍ന്നു.

ബാപ്പായുടെ ഭൗതിക ശരീരവും ദൈവ സന്നിധിയിലേക്കു യാത്രയാക്കാനുള്ള സമയമായി.

ഒരുക്കങ്ങളിലെല്ലാം മകനെയും കൂടെക്കൂട്ടി.

പള്ളിയില്‍ വെച്ചുള്ള പ്രാര്‍ത്ഥനാ നിസ്കാരം കഴിഞ്ഞ്, മണ്ണിനെ മണ്ണോടു ചേര്‍ത്തു വീട്ടിലേക്കു മടങ്ങവെ ഏഴു വയസ്സുകാരന്റെ നിഷ്കളങ്കത കരള്‍ പിളര്‍ക്കുന്ന വാക്കുകളായി പുറത്തു വന്നു.

"ബാപ്പ ഇനി വീട്ടിലുണ്ടാവില്ല, കൊറച്ചീസം കഴിഞ്ഞാല്‍ ഉപ്പയും തിരിച്ചു പോകും. അപ്പൊപ്പിന്നെ ഞാനാവില്ലേ ഉപ്പാ വീട്ടിലെ ആള്‍".

മറ്റേതെങ്കിലും സന്ദര്‍ഭത്തിലായിരുന്നെങ്കില്‍ ഇത്തിരിയോളം പോന്ന മകന്റെ ഇമ്മിണി വലിയ വര്‍ത്തമാനവും ഏഴു വയസ്സുകാരന്‍ സ്വയം വീട്ടു കാരണവരായി അവരോധിക്കുന്നതിലെ ബാല ഭാവനയും അയാള്‍ രസിച്ച് ആസ്വദിക്കുമായിരുന്നു. പക്ഷെ ഇപ്പോള്‍ അയാള്‍ക്കതിന് കഴിഞ്ഞില്ല.

മകന്റെ വാക്കുകളില്‍ അനാഥത്ത്വത്തിന്റെ ഛായ കലര്‍ന്നിരിക്കുന്നതായി അയാള്‍ക്കു തോന്നി.

നേരാണ്, സ്വന്തം ബാല്യ കൗമാരങ്ങളില്‍ തന്റെ പിതാവില്‍ നിന്നും തനിക്കു കിട്ടിയ അനര്‍ഘ നിമിഷങ്ങളൊന്നും പ്രവാസം ജീവിത മാര്‍ഗ്ഗമാക്കിയ തന്നില്‍ നിന്നും തന്റെ മകനു കിട്ടില്ലല്ലോ എന്നയാള്‍ ഖേദത്തോടെ ഓര്‍ത്തു,

മരിച്ച ബാപ്പയും പ്രവാസിയായ ഉപ്പയും തമ്മിലെന്തുണ്ട് അന്തരം എന്നും വേദനയോടെ അയാള്‍ ചിന്തിച്ചു പോയി.

അഭിപ്രായങ്ങളൊന്നുമില്ല: