പ്രവാസത്തിന്റെ അര്‍ദ്ധ വിരാമങ്ങളില്‍ ഓരോ തവണ നാട്ടില്‍ പോവുമ്പോഴും മനസ്സിനെ ആഴത്തില്‍ സ്പര്‍ശിക്കുന്ന അനുഭവങ്ങളുണ്ടാവുക ജീവിതത്തില്‍ പതിവായത് പോലെയുണ്ട്.
ഒരിക്കല്‍ അത്തരമൊരു അനുഭവത്തിന്റെ അരങ്ങേറ്റമുണ്ടായത് പാതി നാട്ടിലും മറുപാതി ദുബായിലും വച്ചായിരുന്നു.
ഒന്നര വര്‍ഷം മുമ്പുള്ള ഒരു നാട്ടില്‍ പോക്കിലായിരുന്നു അത്. മാന്ദ്യം സമ്പദ്ഘടനയെ മയക്കിക്കിടത്തുന്നതിനും മുമ്പാണ്. എവിടേക്കു തിരിഞ്ഞാലും ലക്ഷങ്ങളുടേയും കോടികളുടേയും വര്‍ത്തമാനങ്ങള്‍ മാത്രം. രാവിലെ വിലപറഞ്ഞുറപ്പിച്ച ഭൂമി വൈകുന്നേരം ഇരട്ടിക്കും ഇരട്ടിയുടെ ഇരട്ടിക്കും മറിച്ചു വിറ്റ് കോടികള്‍ കീശയിലാക്കുന്ന 'ഭൂസ്വാമി'മാരും, അവിടെയൊരു ഭൂമി വില്‍ക്കാനുണ്ട്, ഇവിടെയൊരാള്‍ക്ക് പത്ത് സെന്റ് ആവശ്യമുണ്ട് എന്നിങ്ങനെ വില്‍ക്കുന്നവനേയും വാങ്ങുന്നവനേയും ചൂണ്ടിക്കാണിക്കുക വഴിമാത്രം ലക്ഷാധിപതികളായവരും നാടു വാഴുന്ന കാലം. അനായാസേന കൈവരുന്ന ഈ അര്‍ത്ഥമത്രയും അതി വിചിത്രങ്ങളായ മാര്‍ഗ്ഗങ്ങളിലൂടെ ചിലവഴിച്ച് തിളങ്ങി നില്‍ക്കുന്ന ഇവര്‍ക്കിടയില്‍ മൂന്നു മാസത്തെ ദൈര്‍ഘ്യമേയുള്ളൂവെങ്കിലും ഒരു ശരാശരി ഗള്‍ഫുകാരന്റെ ജീവിതം ഗ്ലാമര്‍ നഷ്ടപ്പെടാതെ ജീവിച്ചു തിരിച്ചു പോരിക എന്നത് സാഹസം നിറഞ്ഞ പണിയായിരുന്നു. ആ കൃത്യം ഒരു വിധം ഭംഗിയായി നിര്‍വഹിച്ചു തിരിച്ചു പോരാനിരിക്കെയായിരുന്നു സരസ്വതിട്ടീച്ചറുടെ വരവ്.
വീട്ടില്‍ നിന്നും അല്പം അകലെ ബാലവാടി നടത്തുകയാണ് ടീച്ചര്‍. നിര്‍ധനരായ ഒരു കുടുംബത്തിന്റെ ഓലമേഞ്ഞൊരു വീടിന്റെ വരാന്തയാണ് ടീച്ചറുടെ ബാലവാടി. മൂന്നു സെന്റ് സ്ഥലം സൗജന്യമായി കിട്ടിയാല്‍ ബാലവാടിക്കു വേണ്ട കെട്ടിടം പണിയാനുള്ള പണം ബ്ലോക്കിന്റെയോ പഞ്ചായത്തിന്റെയോ മറ്റോ ഫണ്ടില്‍ നിന്നും ലഭിക്കും. പക്ഷെ ഭൂമിയില്‍ ഏറ്റവും വില കൂടിയ സാധനം ഭൂമി തന്നെയായ ഒരു കാലത്ത് മൂന്നു സെന്റ് പോയിട്ട് മൂന്ന് അടി മണ്ണു പോലും സൗജന്യമായി എവിടെ നിന്നു കിട്ടാന്‍! സ്ഥലത്തിനുള്ള പണം ഒപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് ടീച്ചര്‍. സഹായിക്കണം എന്ന അഭ്യര്‍ത്ഥനയുമായാണ് വരവ്.
ടീച്ചറുടെ ജോലി സ്ഥിരപ്പെടും എന്നതു കൊണ്ടു മാത്രമല്ല, ചുറ്റുവട്ടത്തുള്ള തീര്‍ത്തും ദരിദ്രരായ കുറേ കുഞ്ഞുങ്ങള്‍ക്ക് അക്ഷരങ്ങളോടൊപ്പം ഒരു നേരത്തെ ആഹാരവും കിട്ടുന്ന കാര്യമാണ്, സഹായിക്കേണ്ടത് തന്നെ എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ നാട്ടിലെത്തിയതിന്റെ പിറ്റേന്നു മുതലേ ഒരോരോ ആവശ്യങ്ങള്‍ക്കായി കിയ്യിട്ട് കയ്യിട്ട് കാലിയായിപ്പോയ പ്രവാസിയുടെ കീശയിലെവിടെ സംഭാവനയായി നല്‍കാന്‍ കാശ്! ടീച്ചറോട് സത്യം തുറന്നു പറഞ്ഞു.
"കയ്യിലുണ്ടായിരുന്നതും കരുതലും തീര്‍ന്നു, കടത്തിലാണ് ടീച്ചറേ ഇപ്പോള്‍ കാര്യങ്ങളുടെ പോക്ക്. ഉടനെ ഒന്നും ചെയ്യാനാവില്ല, ഞാന്‍ തിരിച്ചു പോയി വല്ലതും അയച്ചു തരാനാവുമോ എന്നു നോക്കാം".
പ്രതീക്ഷ കൈവിടാതെ ടീച്ചര്‍ തിരിച്ചുപോയി.
അവധി കഴിഞ്ഞു ദുബായില്‍ മടങ്ങിയെത്തി.
നാട്ടില്‍ പോക്കിനായി ഇവിടെയും നാട്ടില്‍ നിന്നതിന്റെ വകയില്‍ നാട്ടിലും ഉണ്ടാക്കിയ ബാധ്യതകള്‍ നികത്താനുള്ള ബദ്ധപ്പാടില്‍ ടീച്ചറോട് പറഞ്ഞ വാക്കു മറന്നു. കുറച്ചു നാളു കഴിഞ്ഞപ്പോഴേക്കും 'പറഞ്ഞത് മറന്നു പോയോ' എന്ന അന്വേഷണവുമായി ടീച്ചറുടെ വിളി വന്നു. ഇനിയും ഒഴിയാനാവില്ല എന്നുറപ്പായി.
ചെറുതോ വലുതോ ആയ എന്ത് ആവശ്യം പറഞ്ഞാലും വിത്തും പേരും ചോദിച്ചറിയാതെ തങ്ങളാലാവുന്നത് സഹായിക്കുന്ന നാലഞ്ച് ആത്മ മിത്രങ്ങളുണ്ട് . അവരോട് കാര്യം പറഞ്ഞു. അവര്‍ കയ്യയഞ്ഞു സഹായിക്കുകയും ചെയ്തു. സാമാന്യം തരക്കേടില്ലാത്ത ഒരു സംഖ്യ സ്വരൂപിച്ച് ടീച്ചര്‍ക്കയച്ചു കൊടുത്തു. പണം കൈപ്പറ്റിയതിലുള്ള നന്ദിയും സന്തോഷവുമായി വൈകാതെ ടീച്ചറുടെ കത്തു വന്നു.
'പ്രിയപ്പെട്ട സഹോദരന്' എന്ന അഭിസംബോധനയോടെ തുടങ്ങിയ കത്ത് ടീച്ചര്‍ അവസാനിപ്പിച്ചത് സാമ്പത്തികമായി സഹകരിച്ചവന് കൂടുതല്‍ സമ്പത്തും സമൃദ്ധിയും ഉണ്ടാവട്ടെ എന്ന ആശംസയോടെ ആയിരുന്നില്ല. പകരം ഏതാണ്ടൊരു വരം നല്‍കി അനുഗ്രഹുക്കുന്നതു പോലെയുള്ള ഒരു ദൃഡ പ്രസ്ഥാവനയിലായിരുന്നു കത്തിന്റെ അവസാനം;
'സഹോദരന്റെ മക്കളെ ദൈവം കാക്കും'.
പലയാവര്‍ത്തി ഞാനതു വായിച്ചു. പിന്നെ, ഇതിലും വലിയ മറ്റൊരു അനുഗ്രഹവും എനിക്കു ലഭിക്കാനില്ലല്ലൊ എന്ന കൃതാര്‍ത്ഥതയോടെ കത്തു മടക്കി സൂക്ഷിക്കുകയുംചെയ്തു.
അന്നൊരു വെള്ളിയാഴ്ചയായിരുന്നു.
നാട്ടുകാരുടെ ഒരു കൂട്ടായ്മയുണ്ട്. അതില്‍ പങ്കെടുക്കുവാനായി പുറപ്പെടവെയാണ് അബുദാബിയില്‍ നിന്നും സഹോദരിയുടെ മകന്റെ ഫോണ്‍ വരുന്നത്. കുശലാന്വേഷണങ്ങള്‍ക്ക് ശേഷം അവന്‍ വിളിച്ച കാര്യം പറഞ്ഞു. "ബേജാറവുകയൊന്നും വേണ്ട. ഞാനിപ്പോള്‍ നാട്ടിലേക്ക് വിളിച്ചിരുന്നു. മോള്‍ക്ക് പാമ്പ് കടിയേറ്റ് ആശുപത്രിയിലേക്ക് കൊണ്ടു പോയിരിക്കയാണ്. മാമനോട് പറയേണ്ട എന്നാണ് വീട്ടില്‍ നിന്നും പറഞ്ഞത്. പക്ഷെ പറയാതെ എനിക്ക് ഇരിക്കപ്പൊറുതി കിട്ടുന്നില്ല".
താങ്ങാനാവാത്ത വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ചിലപ്പോള്‍ ആ വാര്‍ത്തകളുടെയൊന്നും ആഘാതം ഒട്ടും ഉള്ളിലേക്കിറങ്ങാന്‍ അനുവദിക്കാതെ മനസ്സ് പാറയുടേത് പോലുള്ള ഒരു പ്രതിരോധം കൈക്കൊള്ളും. വിഷമ സന്ധികളില്‍ ആകെ തകര്‍ന്നു പോകാതിരിക്കാന്‍ മാത്രമല്ല അത്തരം ഘട്ടങ്ങളില്‍ മന:സ്സാന്നിദ്ധ്യത്തോടെ പ്രവര്‍ത്തിക്കാനും മനസ്സിന്റെ ആ പ്രതിരോധം സഹായകമാകാറുണ്ട്. പിന്നീട് ആ സഭവങ്ങളെക്കുറിച്ചോര്‍ക്കുമ്പോഴൊക്കെ ഉടലും ഉയിരും വല്ലാതെ നടുങ്ങുമെങ്കിലും.
സഹോദരിയുടെ മകന്‍ തന്ന മൊബൈല്‍ നമ്പരിലേക്ക് വിളിച്ചു.
മകളെ ആശുപത്രിയിലെത്തിച്ചിരിക്കുന്നു. മരുന്നുകള്‍ എന്തൊക്കെയോ നല്‍കിയിട്ടുണ്ട്. ഓരോ പത്തു മിനിറ്റ് കൂടുമ്പോഴും രക്തം പരിശോധിച്ചുകൊണ്ടിരിക്കുന്നു. ICU വിന്നുള്ളിലായത് കൊണ്ട് മകളുമായി സംസാരിക്കാന്‍ നിവൃത്തിയില്ല.
നില്‍ക്കാനോ ഇരിക്കാനോ കിടക്കാനോ കഴിയാതെ മൊബൈല്‍ ഫോണും ചെവിയോട് ചേര്‍ത്തുവെച്ച് ഒരു ദിവസം മുഴുവന്‍ കൂട്ടിലിട്ട വെരുകിനെപ്പോലെ മുറിക്കുള്ളില്‍ നടന്നു തീര്‍ത്തു.
ഇരുപത്തിനാലു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ I C U വില്‍ നിന്നും മോളെ പുറത്തേക്ക് കൊണ്ടുവന്നു എന്ന വിവരം വന്നു. ഒപ്പം ഇനിയൊന്നും പേടിക്കാനില്ല എന്നും അറിഞ്ഞു അതോടെ അതേവരേയും സംഭരിച്ചു വച്ചിരുന്ന സര്‍വ്വശക്തിയും ചോര്‍ന്ന് അസ്തപ്രജ്ഞനായി കട്ടിലിലേക്ക് വീണു.
കടിച്ച പാമ്പിനെ അയല്‍ക്കര്‍ പിടികൂടി കൊന്നിരുന്നു.
ഉഗ്ര വിഷമുള്ള ഇനം തന്നെ.
എന്നിട്ടും മോളുടെ ജീവന് ഒരപകടവും പിണയാതിരുന്നത് കടിക്കും നേരം പാമ്പിന് വിഷമില്ലാതിരുന്നതിനാലാവാം. അതല്ലെങ്കില്‍ ആശുപത്രിയില്‍ നിന്നും ലഭിച്ച ചികിത്സയും പരിചരണവും ഫലിച്ചതാവാം.
പക്ഷെ…,
ഒരേ ഒരു ദിവസം കൊണ്ട് ഒരായുസ്സിന്റെ മുഴുവന്‍ ആധിയും സംഘര്‍ഷവും അനുഭവിച്ച് അമ്പേ തളര്‍ന്നുപോയ എന്റെ മനസ്സില്‍ അപ്പോള്‍ തെളിഞ്ഞു വന്നത് തലേന്ന് ഞാന്‍ വായിച്ച സരസ്വതിട്ടീച്ചറുടെ കത്തിലെ അവസാന വാചകമായിരുന്നു.
ലിഖിത രൂപം കൈവെടിഞ്ഞ് ആ വാക്കുകള്‍ ശബ്ദരൂപം കൈക്കൊണ്ടു.
അളവറ്റ നന്ദിയോടെ, അതീവ വിനയത്തോടെ ഞാനാ വാക്കുകള്‍ ഒരിക്കല്‍ കൂടി കേട്ടു.
'സഹോദരന്റെ മക്കളെ ദൈവം കാക്കും'
2009 ജൂലൈ 12, ഞായറാഴ്‌ച
സരസ്വതി ടീച്ചറുടെ പ്രാര്‍ത്ഥന
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ