2009 ഓഗസ്റ്റ് 8, ശനിയാഴ്‌ച

മെഴുകുതിരി വിലാപം

ഗള്‍ഫുകാരന്‍ മറ്റുള്ളവര്‍ക്കു വേണ്ടി ഉരുകിത്തീരുന്ന മെഴുകു തിരിയാണെന്ന അര്‍ഥശൂന്യവും അരോചകവുമായ വിലാപ കാവ്യം പുതിയ തലമുറയും ഏറ്റു പാടുന്നതു കാണുമ്പോള്‍ തികഞ്ഞ നിരാശ തോന്നുന്നു. മെഴുകു തിരികളായി ഉരുകിത്തീരാന്‍ തീരുമാനിച്ചു വിമാനം കയറിയവരാണൊ നമ്മള്‍? തീര്‍ച്ചയായുമല്ല! പിന്നെ എവിടെ നിന്നു കിട്ടി സ്വയം സഹതാപ കഥാപാത്രങ്ങളാക്കുന്ന ഈ മെഴുകു തീരി സങ്കല്പം നമുക്ക്?
നാട്ടില്‍ നിന്നാല്‍ രക്ഷയില്ല എന്ന അരക്ഷിതത്വ ബോധം മൂത്തും ഗള്‍ഫിലെത്തിപ്പെട്ടാല്‍ നാട്ടില്‍ സ്വര്‍ഗ്ഗം പണിയാം എന്നു സ്വപ്നം കണ്ടും കടല്‍ കടന്നവരല്ലേ നമ്മള്‍. ഇവിടെ എത്തുമ്പോഴാണ് നാമറിയുന്നത്, അറബിക്കഥകളില്‍ വായിക്കാമെന്നല്ലാതെ നൊടിയിട കൊണ്ട് നമ്മെ സമ്പന്നരാക്കുന്ന ഒരു അല്‍ഭുത വിളക്കും അറബി നാടുകളില്‍ കിട്ടാനില്ല എന്ന്.‍ ജീവിത വിജയം ഇവിടെയും കഠിനാദ്ധ്വാനം കൊണ്ടും സ്ഥിരോത്സാഹം കൊണ്ടും നേടിയെടുക്കേണ്ട കനിയാണെന്ന്. ഈപരമാര്‍ത്ഥ‌മുള്‍ക്കൊണ്ടവര്‍ അതിനായി പ്രയത്നിക്കുന്നു. ചിലര്‍ അതില്‍ വിജയിക്കുന്നു മറ്റു ചിലര്‍ പരാജയപ്പെടുന്നു. വിജയിച്ചവരും ആത്മാര്‍ഥമായി പരിശ്രമിച്ചു പരാജയപ്പെട്ടവരും പക്ഷെ ഈ വിലാപ കാവ്യം പാടുന്നില്ല എന്നതാണ് കാര്യം. വയറ്റത്തടിച്ചു ഇതു പാടുന്നതു മറ്റൊരു കൂട്ടരാണ്. ജീവിതത്തില്‍ ഒരു ഉല്‍കര്‍ഷേച്ചയും കാണിക്കാതെ ഒരു പരിശ്രമവും നടത്താതെ കാലം കഴിച്ചവര്‍. രസകരമായ കാര്യം അതൊന്നുമല്ല, അറ്റ കൈക്കു പോലും ഉപ്പു തേക്കാത്ത വിരുതന്മാരാണ് പലപ്പോഴും ഈ വിലാപ കാവ്യം അലമുറയിട്ടു പാടി നടക്കുന്നത്. മുപ്പതോ നാല്പതോ വര്‍‍ഷത്തെ ഗള്‍ഫു ജീവിതത്തിനിടയില്‍ ആയിരമോ രണ്ടായിരമോ ആര്‍ക്കെങ്കിലും അയച്ചു കൊടുത്ത കഥയാവും ആകെക്കൂടി അവര്‍ക്കു പറയനുണ്ടാവുക! പക്ഷെ ഗള്‍ഫു ജീവിതം കൊണ്ട് എന്തു നേടി എന്ന ചോദ്യം നേരിടേണ്ടി വരുമ്പോഴൊക്കെ ടിവിക്കു മുന്നിലും ബ്ലാങ്കറ്റിനടിയിലും തങ്ങള്‍ പാഴാക്കിക്കളഞ്ഞ കാലമത്രയും മെഴുകുതിരി എന്ന മേലങ്കി കൊണ്ട് അവര്‍ മൂടി വെക്കാന്‍ ശ്രമിക്കുന്നു. ഗള്‍ഫില്‍ അധ്വാനിച്ചു സമ്പാദിച്ചതെല്ലാം ഒരു വിവേചനവും കൂടാതെ ചോദിക്കുന്നവര്‍‍ക്കെല്ലാം ന‍ല്‍കി ഒന്നുമില്ലാതായിപ്പോയവര്‍ ഇല്ലെന്നല്ല. പക്ഷെ അക്കൂട്ടരെ മെഴുകുതിരികളോടുപമിച്ച് മഹാന്മാരാക്കുകയല്ല, മരമണ്ടന്മാര്‍ എന്നു വിളിച്ചു നിഷ്കരുണം പരിഹസിക്കുകയാണ് വേണ്ടത്. തീര്‍ച്ചയായും കാരുണ്യം ഒരു വില കുറഞ്ഞ വികാരമോ കര്‍മ്മമോ അല്ല. അതേ സമയം നാം ചെയ്ത കാരുണ്യങ്ങള്‍ മാലോകരുടെ മുമ്പില്‍ വിളമ്പി മേനി നടിക്കാനുള്ളതോ താനൊരു ഉദാര മനസ്കനായതു കൊണ്ടാണ് ഒന്നുമില്ലാതായിപ്പോയത് എന്ന് മാറ്റാന്മാരുടെ മുമ്പില്‍ കരഞ്ഞു കാണിക്കാനുള്ളതോ അല്ല. മറിച്ച് ദൈവത്തിന്റെ കണ്ണിലും നമ്മെ നമ്മുടെ തന്നെ കണ്ണിലും ഉന്നതരാക്കുന്ന അഭിമാനകരമായ കര്‍മ്മങ്ങളാണ് അവയെല്ലം. സ്വന്തം കരുണ കാരണമാണ് താനിങ്ങനെ തുലഞ്ഞു പോയത് എന്ന് വിലപിക്കുന്നവന്‍ സത്ത്യത്തില്‍ താനൊരു പോരാത്തവനായി കാലം കഴിച്ചു എന്ന് വിളിച്ചു പറയുകയാണ് ചെയ്യുന്നത്.
അതു കൊണ്ട് മുന്‍ഗാമിഗകളായ ചില പ്രവാസികള്‍ തങ്ങളുടെ പരാജയങ്ങള്‍ മൂടിവെക്കാനായി തുന്നിക്കൂട്ടിയ മെഴുകുതിരി എന്ന മേലങ്കിയില്‍ ഒളിക്കാതെ അത് ദൂരെ ദൂരെ വലിച്ചെറിഞ്ഞ് കുടുംബത്തോടും സമൂഹത്തോടുമുള്ള ബാധ്യതകളെല്ലാം ജീവിതത്തിന്റെ ഭാഗമാക്കിക്കൊണ്ടു തന്നെ ജീവിതത്തില്‍ ഞാന്‍ വിജയിക്കും എന്ന ദൃഡ നിശ്ചയത്തോടെ മുന്നോട്ടു പോവുകയാണ് വേണ്ടത്. വിജയിച്ചാല്‍ നിങ്ങള്‍ക്കു സന്തോഷിക്കാം, പരാജയപ്പെട്ടാലും സന്തോഷിക്കാം. കാരണം പരിശ്രമവും വിജയത്തോളം സംതൃപ്തകരമാണ്. അതിനു കഴിയാത്തവര്‍ ഒരു പകര്‍ച്ച വ്യാധി പോലെ മറ്റുള്ളവരുടെ കൂടി ആത്മവിശ്വാസവും കര്‍മ്മ വീര്യവും ചോര്‍ത്തിക്കളയുന്ന ഈ വിലാപം നിര്‍ത്തി തിരിച്ചു പോകട്ടെ. നാം ഉപേക്ഷിച്ചു പോന്ന ഇന്ത്യാ മഹാ രാജ്യവും അതില്‍ കേരള സംസ്ഥാനവും അതിനുള്ളില്‍ നാമെല്ലാം പാടിപ്പുകഴ്ത്തുന്ന നമ്മുടെയെല്ലാം ജന്മ ഗ്രാമങ്ങളൂം ഒരു സ്ഥാന ചലനവും സംഭവിക്കാതെ യഥാ സ്ഥാനങ്ങളില്‍ ഇപ്പോഴുമുണ്ട്. തിരിച്ചു പോകുമ്പോഴും അവര്‍ ഒരു കാര്യം ഓര്‍ക്കട്ടെ, അമേരിക്കയിലോ അബൂദാബിയിലോ താന്താങ്ങളുടെ ഗ്രാമങ്ങളിലോ ആണ് തങ്ങള്‍ എന്നുള്ളതല്ല, ജീവിതത്തെ തങ്ങള്‍ എങ്ങിനെ സമീപിക്കുന്നു എന്നതാണ് പ്രധാനം. ലോകത്തിന്റെ ഏതു കോണിലായാലും വിലപിച്ചു കാലം കഴിച്ചവര്‍ ജീവിതത്തില്‍ വിജയിച്ചിട്ടില്ല, വിജയിച്ചവരാരും‌‌‌‌‌- അവരുടെ പരാജയങ്ങളില്‍ പോലും- വിലപിക്കാനായി സമയം പാഴാക്കിയിട്ടുമില്ല. വ്യഖ്യാതമായ ആ ഇംഗ്ലീഷ് പഴമൊഴി എപ്പോഴും ഉള്ളിലുന്ണ്ടായിരിക്കട്ടെ, 'Fortune favours only the brave and the bold'.

2009 ജൂലൈ 12, ഞായറാഴ്‌ച

സരസ്വതി ടീച്ചറുടെ പ്രാര്‍ത്ഥന

പ്രവാസത്തിന്റെ അര്‍ദ്ധ വിരാമങ്ങളില്‍ ഓരോ തവണ നാട്ടില്‍ പോവുമ്പോഴും മനസ്സിനെ ആഴത്തില്‍ സ്പര്‍ശിക്കുന്ന അനുഭവങ്ങളുണ്ടാവുക ജീവിതത്തില്‍ പതിവായത് പോലെയുണ്ട്.

ഒരിക്കല്‍ അത്തരമൊരു അനുഭവത്തിന്റെ അരങ്ങേറ്റമുണ്ടായത് പാതി നാട്ടിലും മറുപാതി ദുബായിലും വച്ചായിരുന്നു.

ഒന്നര വര്‍ഷം മുമ്പുള്ള ഒരു നാട്ടില്‍ പോക്കിലായിരുന്നു അത്. മാന്ദ്യം സമ്പദ്ഘടനയെ മയക്കിക്കിടത്തുന്നതിനും മുമ്പാണ്. എവിടേക്കു തിരിഞ്ഞാലും ലക്ഷങ്ങളുടേയും കോടികളുടേയും വര്‍ത്തമാനങ്ങള്‍ മാത്രം. രാവിലെ വിലപറഞ്ഞുറപ്പിച്ച ഭൂമി വൈകുന്നേരം ഇരട്ടിക്കും ഇരട്ടിയുടെ ഇരട്ടിക്കും മറിച്ചു വിറ്റ് കോടികള്‍ കീശയിലാക്കുന്ന 'ഭൂസ്വാമി'മാരും, അവിടെയൊരു ഭൂമി വില്‍ക്കാനുണ്ട്, ഇവിടെയൊരാള്‍ക്ക് പത്ത് സെന്റ് ആവശ്യമുണ്ട് എന്നിങ്ങനെ വില്‍ക്കുന്നവനേയും വാങ്ങുന്നവനേയും ചൂണ്ടിക്കാണിക്കുക വഴിമാത്രം ലക്ഷാധിപതികളായവരും നാടു വാഴുന്ന കാലം. അനായാസേന കൈവരുന്ന ഈ അര്‍ത്ഥമത്രയും അതി വിചിത്രങ്ങളായ മാര്‍ഗ്ഗങ്ങളിലൂടെ ചിലവഴിച്ച് തിളങ്ങി നില്‍ക്കുന്ന ഇവര്‍ക്കിടയില്‍ മൂന്നു മാസത്തെ ദൈര്‍ഘ്യമേയുള്ളൂവെങ്കിലും ഒരു ശരാശരി ഗള്‍ഫുകാരന്റെ ജീവിതം ഗ്ലാമര്‍ നഷ്ടപ്പെടാതെ ജീവിച്ചു തിരിച്ചു പോരിക എന്നത് സാഹസം നിറഞ്ഞ പണിയായിരുന്നു. ആ കൃത്യം ഒരു വിധം ഭംഗിയായി നിര്‍‌വഹിച്ചു തിരിച്ചു പോരാനിരിക്കെയായിരുന്നു സരസ്വതിട്ടീച്ചറുടെ വരവ്.

വീട്ടില്‍ നിന്നും അല്പം അകലെ ബാലവാടി നടത്തുകയാണ് ടീച്ചര്‍. നിര്‍ധനരായ ഒരു കുടുംബത്തിന്റെ ഓലമേഞ്ഞൊരു വീടിന്റെ വരാന്തയാണ് ടീച്ചറുടെ ബാലവാടി. മൂന്നു സെന്റ് സ്ഥലം സൗജന്യമായി കിട്ടിയാല്‍ ബാലവാടിക്കു വേണ്ട കെട്ടിടം പണിയാനുള്ള പണം ബ്ലോക്കിന്റെയോ പഞ്ചായത്തിന്റെയോ മറ്റോ ഫണ്ടില്‍ നിന്നും ലഭിക്കും. പക്ഷെ ഭൂമിയില്‍ ഏറ്റവും വില കൂടിയ സാധനം ഭൂമി തന്നെയായ ഒരു കാലത്ത് മൂന്നു സെന്റ് പോയിട്ട് മൂന്ന് അടി മണ്ണു പോലും സൗജന്യമായി എവിടെ നിന്നു കിട്ടാന്‍! സ്ഥലത്തിനുള്ള പണം ഒപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് ടീച്ചര്‍. സഹായിക്കണം എന്ന അഭ്യര്‍ത്ഥനയുമായാണ് വരവ്.

ടീച്ചറുടെ ജോലി സ്ഥിരപ്പെടും എന്നതു കൊണ്ടു മാത്രമല്ല, ചുറ്റുവട്ടത്തുള്ള തീര്‍ത്തും ദരിദ്രരായ കുറേ കുഞ്ഞുങ്ങള്‍ക്ക് അക്ഷരങ്ങളോടൊപ്പം ഒരു നേരത്തെ ആഹാരവും കിട്ടുന്ന കാര്യമാണ്, സഹായിക്കേണ്ടത് തന്നെ എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ നാട്ടിലെത്തിയതിന്റെ പിറ്റേന്നു മുതലേ ഒരോരോ ആവശ്യങ്ങള്‍ക്കായി കിയ്യിട്ട് കയ്യിട്ട് കാലിയായിപ്പോയ പ്രവാസിയുടെ കീശയിലെവിടെ സംഭാവനയായി നല്‍കാന്‍ കാശ്! ടീച്ചറോട് സത്യം തുറന്നു പറഞ്ഞു.

"കയ്യിലുണ്ടായിരുന്നതും കരുതലും തീര്‍ന്നു, കടത്തിലാണ് ടീച്ചറേ ഇപ്പോള്‍ കാര്യങ്ങളുടെ പോക്ക്. ഉടനെ ഒന്നും ചെയ്യാനാവില്ല, ഞാന്‍ തിരിച്ചു പോയി വല്ലതും അയച്ചു തരാനാവുമോ എന്നു നോക്കാം".

പ്രതീക്ഷ കൈവിടാതെ ടീച്ചര്‍ തിരിച്ചുപോയി.

അവധി കഴിഞ്ഞു ദുബായില്‍ മടങ്ങിയെത്തി.

നാട്ടില്‍ പോക്കിനായി ഇവിടെയും നാട്ടില്‍ നിന്നതിന്റെ വകയില്‍ നാട്ടിലും ഉണ്ടാക്കിയ ബാധ്യതകള്‍ നികത്താനുള്ള ബദ്ധപ്പാടില്‍ ടീച്ചറോട് പറഞ്ഞ വാക്കു മറന്നു. കുറച്ചു നാളു കഴിഞ്ഞപ്പോഴേക്കും 'പറഞ്ഞത് മറന്നു പോയോ' എന്ന അന്വേഷണവുമായി ടീച്ചറുടെ വിളി വന്നു. ഇനിയും ഒഴിയാനാവില്ല എന്നുറപ്പായി.

ചെറുതോ വലുതോ ആയ എന്ത് ആവശ്യം പറഞ്ഞാലും വിത്തും പേരും ചോദിച്ചറിയാതെ തങ്ങളാലാവുന്നത് സഹായിക്കുന്ന നാലഞ്ച് ആത്മ മിത്രങ്ങളുണ്ട് . അവരോട് കാര്യം പറഞ്ഞു. അവര്‍ കയ്യയഞ്ഞു സഹായിക്കുകയും ചെയ്തു. സാമാന്യം തരക്കേടില്ലാത്ത ഒരു സംഖ്യ സ്വരൂപിച്ച് ടീച്ചര്‍ക്കയച്ചു കൊടുത്തു. പണം കൈപ്പറ്റിയതിലുള്ള നന്ദിയും സന്തോഷവുമായി വൈകാതെ ടീച്ചറുടെ കത്തു വന്നു.

'പ്രിയപ്പെട്ട സഹോദരന്' എന്ന അഭിസംബോധനയോടെ തുടങ്ങിയ കത്ത് ടീച്ചര്‍ അവസാനിപ്പിച്ചത് സാമ്പത്തികമായി സഹകരിച്ചവന് കൂടുതല്‍ സമ്പത്തും സമൃദ്ധിയും ഉണ്ടാവട്ടെ എന്ന ആശംസയോടെ ആയിരുന്നില്ല. പകരം ഏതാണ്ടൊരു വരം നല്‍കി അനുഗ്രഹുക്കുന്നതു പോലെയുള്ള ഒരു ദൃഡ പ്രസ്ഥാവനയിലായിരുന്നു കത്തിന്റെ അവസാനം;

'സഹോദരന്റെ മക്കളെ ദൈവം കാക്കും'.

പലയാവര്‍ത്തി ഞാനതു വായിച്ചു. പിന്നെ, ഇതിലും വലിയ മറ്റൊരു അനുഗ്രഹവും എനിക്കു ലഭിക്കാനില്ലല്ലൊ എന്ന കൃതാര്‍ത്ഥതയോടെ കത്തു മടക്കി സൂക്ഷിക്കുകയുംചെയ്തു.

അന്നൊരു വെള്ളിയാഴ്ചയായിരുന്നു.

നാട്ടുകാരുടെ ഒരു കൂട്ടായ്മയുണ്ട്. അതില്‍ പങ്കെടുക്കുവാനായി പുറപ്പെടവെയാണ് അബുദാബിയില്‍ നിന്നും സഹോദരിയുടെ മകന്റെ ഫോണ്‍ വരുന്നത്. കുശലാന്വേഷണങ്ങള്‍ക്ക് ശേഷം അവന്‍ വിളിച്ച കാര്യം പറഞ്ഞു. "ബേജാറവുകയൊന്നും വേണ്ട. ഞാനിപ്പോള്‍ നാട്ടിലേക്ക് വിളിച്ചിരുന്നു. മോള്‍ക്ക് പാമ്പ് കടിയേറ്റ് ആശുപത്രിയിലേക്ക് കൊണ്ടു പോയിരിക്കയാണ്. മാമനോട് പറയേണ്ട എന്നാണ് വീട്ടില്‍ നിന്നും പറഞ്ഞത്. പക്ഷെ പറയാതെ എനിക്ക് ഇരിക്കപ്പൊറുതി കിട്ടുന്നില്ല".

താങ്ങാനാവാത്ത വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ചിലപ്പോള്‍ ആ വാര്‍ത്തകളുടെയൊന്നും ആഘാതം ഒട്ടും ഉള്ളിലേക്കിറങ്ങാന്‍ അനുവദിക്കാതെ മനസ്സ് പാറയുടേത് പോലുള്ള ഒരു പ്രതിരോധം കൈക്കൊള്ളും. വിഷമ സന്ധികളില്‍ ആകെ തകര്‍ന്നു പോകാതിരിക്കാന്‍ മാത്രമല്ല അത്തരം ഘട്ടങ്ങളില്‍ മന:സ്സാന്നിദ്ധ്യത്തോടെ പ്രവര്‍ത്തിക്കാനും മനസ്സിന്റെ ആ പ്രതിരോധം സഹായകമാകാറുണ്ട്. പിന്നീട് ആ സഭവങ്ങളെക്കുറിച്ചോര്‍ക്കുമ്പോഴൊക്കെ ഉടലും ഉയിരും വല്ലാതെ നടുങ്ങുമെങ്കിലും.

സഹോദരിയുടെ മകന്‍ തന്ന മൊബൈല്‍ നമ്പരിലേക്ക് വിളിച്ചു.

മകളെ ആശുപത്രിയിലെത്തിച്ചിരിക്കുന്നു. മരുന്നുകള്‍ എന്തൊക്കെയോ നല്‍കിയിട്ടുണ്ട്. ഓരോ പത്തു മിനിറ്റ് കൂടുമ്പോഴും രക്തം പരിശോധിച്ചുകൊണ്ടിരിക്കുന്നു. ICU വിന്നുള്ളിലായത് കൊണ്ട് മകളുമായി സംസാരിക്കാന്‍ നിവൃത്തിയില്ല.

നില്‍ക്കാനോ ഇരിക്കാനോ കിടക്കാനോ കഴിയാതെ മൊബൈല്‍ ഫോണും ചെവിയോട് ചേര്‍ത്തുവെച്ച് ഒരു ദിവസം മുഴുവന്‍ കൂട്ടിലിട്ട വെരുകിനെപ്പോലെ മുറിക്കുള്ളില്‍ നടന്നു തീര്‍ത്തു.

ഇരുപത്തിനാലു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ I C U വില്‍ നിന്നും മോളെ പുറത്തേക്ക് കൊണ്ടുവന്നു എന്ന വിവരം വന്നു. ഒപ്പം ഇനിയൊന്നും പേടിക്കാനില്ല എന്നും അറിഞ്ഞു അതോടെ അതേവരേയും സംഭരിച്ചു വച്ചിരുന്ന സര്‍‌വ്വശക്തിയും ചോര്‍ന്ന് അസ്തപ്രജ്ഞനായി കട്ടിലിലേക്ക് വീണു.

കടിച്ച പാമ്പിനെ അയല്‍ക്കര്‍ പിടികൂടി കൊന്നിരുന്നു.

ഉഗ്ര വിഷമുള്ള ഇനം തന്നെ.

എന്നിട്ടും മോളുടെ ജീവന് ഒരപകടവും പിണയാതിരുന്നത് കടിക്കും നേരം പാമ്പിന് വിഷമില്ലാതിരുന്നതിനാലാവാം. അതല്ലെങ്കില്‍ ആശുപത്രിയില്‍ നിന്നും ലഭിച്ച ചികിത്സയും പരിചരണവും ഫലിച്ചതാവാം.

പക്ഷെ…,

ഒരേ ഒരു ദിവസം കൊണ്ട് ഒരായുസ്സിന്റെ മുഴുവന്‍ ആധിയും സംഘര്‍ഷവും അനുഭവിച്ച് അമ്പേ തളര്‍ന്നുപോയ എന്റെ മനസ്സില്‍ അപ്പോള്‍ തെളിഞ്ഞു വന്നത് തലേന്ന് ഞാന്‍ വായിച്ച സരസ്വതിട്ടീച്ചറുടെ കത്തിലെ അവസാന വാചകമായിരുന്നു.

ലിഖിത രൂപം കൈവെടിഞ്ഞ് ആ വാക്കുകള്‍ ശബ്ദരൂപം കൈക്കൊണ്ടു.

അളവറ്റ നന്ദിയോടെ, അതീവ വിനയത്തോടെ ഞാനാ വാക്കുകള്‍ ഒരിക്കല്‍ കൂടി കേട്ടു.

'സഹോദരന്റെ മക്കളെ ദൈവം കാക്കും'

2009 ജൂൺ 20, ശനിയാഴ്‌ച

ഒരു വെളിയങ്കോടന്റെ വെളിവില്ലായ്മകള്‍.

ഞാന്‍ മുഹമ്മദ്,
"മുഹമ്മദോ, ഏത് മുഹമ്മദ്?" എന്നു തിരിച്ചു ചോദിക്കുന്നവരോട് ഒന്നു കൂടി പറയാം.
'മുഹമ്മദ് കരിക്കുളം, വെളിയങ്കോട്'.
"ഏത് മുഹമ്മദ്, എന്ത് കരിക്കുളം, ഏതര് വെളിയങ്കോട്" എന്ന് പിന്നെയും അന്തം വിടുന്നവരുടെ
മുമ്പില്‍ വിളമ്പാന്‍ തക്ക വമ്പുകളൊന്നും ഉള്ളവനല്ല ഈയുള്ളവന്‍.
ഉള്ളത് കുറെ വെളിവില്ലായ്മകള്‍ മാത്രം.
ആ വെളിവില്ലായ്മകളിലൂടെ നിങ്ങള്‍ക്കെന്നെ വെളിപ്പെട്ടു കിട്ടിയാല്‍ അത്രയെങ്കിലും ഭാഗ്യം.
വയസ്സു പറയുന്നില്ല.
അതു പറഞ്ഞാല്‍ 'ബൂലോക'ത്തുള്ള സകലമാനപേരും എന്നെ വല്ലാതെയങ്ങു ബഹുമാനിച്ചുകളയും. അത്രയും ബഹുമാനം താങ്ങാന്‍ എന്റെ പാവം ശരീരത്തിന് കെല്പില്ലാത്തതിനാല്‍ വയസ്സ് തല്കാലം രഹസ്യമായിരിക്കട്ടെ.
പഠിപ്പുള്ളവന്‍ എന്നാണ് മാലോകരുടെ മതിപ്പ്. പാഠിച്ചത് ഭൂഗര്‍ഭ ശാസ്ത്രം; പക്ഷെ മനസ്സിലായത് വട്ടപ്പൂജ്യം.
ജീവിതമിപ്പോള്‍ ദുബായില്‍.
പണി കാശുണ്ടാക്കല്‍. കച്ചവടമെന്ന് ആ പണിയെ ചിലര്‍ പേരു ചൊല്ലി വിളിക്കുന്നു.
"ആട്ടെ എന്നിട്ട് കാശുവല്ലതും ഉണ്ടായെടോ" എന്നു ചോദിച്ചാല്‍ ഉണ്ടാക്കുന്നു ഉടനെ തന്നെ തീരുന്നു. പിന്നെയും അതു തന്നെ തുടരുന്നു എന്നു മറുപടി. പറഞ്ഞു വന്നാല്‍ പണി പഴയ ഭ്രാന്തന്റേതു തന്നെ. നമ്മുടെ നാറാണത്തു ഭ്രാന്തന്റേതേയ്.
എല്ല ഭ്രാന്തിലുമുണ്ട് അല്പം പ്രതിഭ എന്നാണല്ലോ പ്രമാണം. അങ്ങനെയെങ്കില്‍ എന്റെ വെളിവില്ലായ്മകളിലും കണ്ടെത്താനാകില്ലെ വല്ലപ്പോഴെങ്കിലും വല്ല വെളിപാടുകളും എന്നൊരു വ്യാമോഹം.
ആ വ്യാമോഹം ബ്ലോഗിന്റെ രൂപം കൈക്കൊള്ളുകയാണ്, നിങ്ങളുടെ തലവിധി എന്നെല്ലാതെ എന്തു പറയാന്‍.
ഈ വെളിവില്ലായ്മളും സദയം സഹിക്കണേ എന്റെ കൂട്ടരേ എന്ന പ്രാര്‍ത്ഥനയോടെ.