2011, ജൂൺ 2, വ്യാഴാഴ്‌ച

മൃഗവും മാലാഖയും

രണ്ടു വര്‍ഷത്തോളം യന്ത്രം കണക്കെ പണിയെടുത്ത് ആവുന്നത്രയും സമ്പാദിക്കുക; രണ്ടു മാസക്കാലം നാട്ടില്‍ മനുഷ്യനെപ്പോലെ ജീവിച്ച് സമ്പാദിച്ചതെല്ലാം കാലിയാക്കുക; ഒരായുഷ്കാലം മുഴുവന്‍ മനസ്സില്‍ സൂക്ഷിക്കാനുള്ള ഓര്‍മകളും അനുഭവങ്ങളും സ്വന്തമാക്കി വീണ്ടും വിമാനം കയറുക; ഒരു ഗള്‍ഫുകാരന്റെ ജീവിത ചക്രത്തെ ഏതാണ്ട് ഇങ്ങിനെ നിര്‍വചിക്കാമെന്നു തോന്നുന്നു. എല്ലാവരുടെതുമല്ലെങ്കില്‍ എറ്റവും ചുരുങ്ങിയത് ഈയുള്ളവന്റെയെങ്കിലും.

ഭവന നിര്‍മ്മാണം എന്നൊരു 'അനേകവത്സര പദ്ധതി'ക്ക് തുടക്കമിടാനുണ്ടായിരുന്നതു കൊണ്ട് രണ്ടല്ല, നീണ്ട അഞ്ചു മാസമാണ് ഇത്തവണ നാട്ടില്‍ നിന്നത്. ഈ അഞ്ചു മാസത്തിനിടയില്‍ സ്വാഭാവികമായും സന്തോഷവും സങ്കടവും നിറഞ്ഞ സാരവും നിസ്സാരവുമായ ഒട്ടനേകം അനുഭവങ്ങളുണ്ടായീ എന്ന് പ്രത്യേകം പറയേണ്ടതില്ലാല്ലൊ! അവയില്‍ ഉള്ളു പൊള്ളുന്ന ഒരു സംഭവത്തിന് സാക്ഷിയാകേണ്ടി വന്നതിന്റെ നീറ്റം ഇപ്പോഴും ശമിച്ചിട്ടില്ല.

രാത്രി ഉറങ്ങാന്‍ കിടക്കും നേരം വന്ന ഒരു ഫോണ്‍ കാളിലൂടെയായിരുന്നു ആ അനുഭവത്തിന്റെ തുടക്കം.

അയല്‍വാസി കൂടിയായ മഹല്ല് (ഇടവക) സെക്രട്ടറിയായിരുന്നു ഫോണിന്റെ അങ്ങേത്തലക്കല്‍. ''പോലീസ് സ്റ്റേഷന്‍ വരെ ഒന്നു പോകാമോ'' എന്നായിരുന്നു മുഖവുരയൊന്നും കൂടാതെയുള്ള അദ്ദേഹത്തിന്റെ ചോദ്യം. പോലീസ് സ്റ്റേഷനിലേക്ക്, അതും ഈ രാത്രിയില്‍ എന്ന് അന്ധാളിച്ച എന്നോട് അദ്ദേഹം കാര്യം വിശദീകരിച്ചു. ''സ്റ്റേഷനില്‍ അബൂബക്കറും (പേര് യഥാര്‍ത്ഥമല്ല) ഭാര്യയുമുണ്ട്. എന്തൊക്കെയോ ചില പ്രശ്നങ്ങളുണ്ട്. സംസാരിക്കാന്‍ അബൂബക്കറിന്റെ ഭാഗത്തു നിന്നുള്ള ആരെങ്കിലും കൂടി വേണമെന്ന് എസ്. ഐ. ആവശ്യപ്പെട്ടതനുസരിച്ചാണ് അവര്‍ എന്നെ വിളിച്ചത്. പക്ഷെ രാത്രി ഉറക്കമൊഴിവാക്കാനാകത്തതു കൊണ്ട് എനിക്ക് പോവുക വയ്യ. ആവുമെങ്കില്‍ നീയൊന്നു പോണം''.

പോലീസുമായി സംസാരിക്കുന്നതു പോയിട്ട് പോലീസ് സ്റ്റേഷന്റെ അകത്തളം എങ്ങിനെയിരിക്കുമെന്നു പോലും ജനിച്ച് ഇന്നേവരെയും കാണാനിട വന്നിട്ടില്ലാത്ത ഒരുത്തനോടാണ് പോലീസ് സ്റ്റേഷനില്‍ ചെന്ന് സംസാരിക്കാനാവശ്യപ്പെടുന്നത്! രാഷ്ട്രീയമോ, സാമൂഹികമോ, സാംസ്കാരികമോ, സാമ്പത്തികമോ ആയ ഒരു സ്വാധീനവും ഉള്ളവനല്ല ഈയുള്ളവന്‍ എന്നറിയാത്ത പുള്ളിയല്ല സെക്രട്ടറി. എന്നിട്ടും ഇപ്പണി തന്നെയേല്പിക്കാന്‍ കാരണം ഈ കാര്യത്തില്‍ ഇടപെടാനുള്ള അദ്ദേഹത്തിന്റെ വിമുഖതയാണെന്ന് ഊഹിക്കാന്‍ അധിക ബുദ്ധിയുടെയൊന്നും ആവശ്യമുണ്ടായിരുന്നില്ല. രണ്ടു മാസത്തെ ലീവിനു നാട്ടില്‍ വന്നവന്‍ പോലീസും കേസും കോടതിയുമൊക്കെയായി നടന്നാല്‍ തിരിച്ചു പോക്കും കഞ്ഞികുടിയും മുട്ടിപ്പോവും എന്നു പറഞ്ഞ് ഒഴിവാകാവുന്നതേയുള്ളൂ. പക്ഷെ, അങ്ങിനെ പറയാന്‍ തോന്നിയില്ല. സ്റ്റേഷനിലകപ്പെട്ടിരിക്കുന്ന കുടുംബം തങ്ങള്‍ക്ക് വളരെ അടുത്തറിയാവുന്നവരാണ്. എന്തെങ്കിലും ഒഴിവു കഴിവ് പറഞ്ഞു ഒഴിവാകുന്നത് ശരിയല്ലെന്ന് തോന്നിയതു കൊണ്ട് പോകാമെന്നു തന്നെ സമ്മതിച്ചു. സ്ഥാനമാനങ്ങളും സ്വാധീനവുമൊന്നുമില്ലെങ്കിലും സാമാന്യ ബുദ്ധി എന്നൊരു സാധനം തലയിലുണ്ടല്ലോ, അതു കൊണ്ട് പ്രയോജനമുണ്ടാകുന്ന വല്ല പ്രശ്നങ്ങളുമാണെങ്കില്‍ ശ്രമിച്ചു നോക്കാം അല്ലെങ്കില്‍ കാര്യമെന്തന്നറിഞ്ഞു തിരിച്ചുപോരികയുമാവാം.

സ്റ്റേഷനില്‍ ചെല്ലുമ്പോള്‍ അബൂബക്കറും ഭാര്യയും മാത്രമല്ല മൂന്നാമതൊരുത്തന്‍ കൂടിയുണ്ട്. നാട്ടുകാരന്‍ തന്നെയായ ഒരു ചെറുപ്പക്കാരന്‍. മൂന്നാമനോട് ചേര്‍ന്നാണ് ഭാര്യയുടെ നില്പ്. ആ ചേര്‍ന്നുള്ള നില്പും ഇരുവരുടെയും മുഖഭാവവും കണ്ടപ്പൊഴേ കാര്യങ്ങളേതാണ്ട് ഊഹിക്കാന്‍ കഴിഞ്ഞു. എങ്കിലും എസ്. ഐ. യുടെ മുമ്പിലിരിക്കുന്ന അബൂബക്കറിനെ തോണ്ടി വിളിച്ച് പ്രശ്നമെന്താണെന്ന് ആംഗ്യ ഭാഷയില്‍ ചോദിച്ചു. മുറിയില്‍ നിന്നും പുറത്തേക്കു വിളിച്ച് സംശയകരമായ രീതിയില്‍ സ്വന്തം വീട്ടില്‍ വെച്ചു തന്നെ തന്റെ ഭാര്യയെയും മൂന്നാമനെയും കാണേണ്ടി വന്ന സാഹചര്യം അവനെന്നോട് വിശദീകരിച്ചു. പിടിക്കപ്പെട്ടിട്ടും ഒരു പശ്ചാത്താപാവുമില്ലാതെ തന്നെ എതിര്‍ക്കാന്‍ നില്ല്ക്കുന്ന ഭാര്യയുടെ ഇംഗിതമെന്തെന്നവന് പിടി കിട്ടി. ഏതൊരാള്‍‍ക്കും നിയന്ത്രണം വിട്ടു പോകുന്ന ആ സാഹചര്യത്തിലും പക്ഷെ അവന്‍ സംയമനം കൈവിട്ടില്ല. സ്ത്രീ പീഡനം എന്ന പെണ്ണായുധം തിരികെ പ്രയോഗിക്കാന്‍ ഇടവരരുതല്ലോ. രണ്ടിനെയും വീട്ടിനുള്ളില്‍ പൂട്ടിയിട്ട് നേരെ പോലീസ് സ്റ്റേഷനിലേക്കു വിട്ടു. പോലീസെത്തി ഇരുവരെയും കയ്യോടെ പിടി കൂടുകയും ചെയ്തു. ഇനിയെന്ത് വേണമെന്ന് ആലോചിക്കാനാണ് പോലീസ് ഓഫീസര്‍ യോഗം വിളിച്ചിരിക്കുന്നത്. പെണ്ണിന്റെ വീട്ടിലേക്കു മാത്രമല്ല ജാരന്റെ വീട്ടിലേക്കും അറിയിപ്പ് പോയിട്ടുണ്ട്. അവര്‍ കൂടി എത്തിച്ചേര്‍ന്നാല്‍ എന്തു വേണമെന്നാലോചിക്കാം.

വൈകാതെ അവരും എത്തിച്ചേര്‍ന്നു. എല്ലാവരുമായതോടെ എസ്.ഐ വിചാരണയാരംഭിച്ചു. എന്താണ് ഉദ്ദേശമെന്ന പെണ്ണിനോടുള്ള ചോദ്യത്തിന് കൂസലില്ലാതെയായിരുന്നു മറുപടി.

''ഞങ്ങള്‍ തമ്മില്‍ സ്നേഹത്തിലാണ്. ഞങ്ങളൊന്നിച്ചു ജീവിച്ചോളാം".

"അപ്പോള്‍ നിന്റെ മക്കളുടെ കാര്യമോ"

എസ്. ഐ യുടെ അടുത്ത ചോദ്യത്തിനും കിട്ടി ചാഞ്ചല്യമില്ലാത്ത മറുപടി.

"അവരെ അവരുടെ ഉപ്പ നോക്കിക്കോട്ടെ"

ഉള്ളൊന്നു പിടഞ്ഞു.

മൂന്നു മക്കളാണ്, അതില്‍ ഇളയതിന് വയസ്സ് ഒന്നരയേ ആയുള്ളൂ. മുലകുടി മാറിയിട്ടില്ല.

ജാരനോടും പോലീസ് ചോദ്യമാവര്‍‍ത്തിച്ചു. പോലീസ് ഭാഷയിലുള്ള ആ ചോദ്യത്തിന് പക്ഷെ അവനില്‍ നിന്ന് മറുപടിയില്ല.

ഇത്ര നാളും സ്വച്ഛന്ദം താന്‍ കട്ടു ഭുജിച്ചിരുന്ന ഭോജനം നിനച്ചിരിക്കാതെ തൊണ്ടയില്‍ കുരുങ്ങിയതിന്റെ വീര്‍പ്പു മുട്ടലും വിമ്മിഷ്ടവും അവന്റെ മുഖത്തു പ്രകടമായിരുന്നു. കുതറിയോടാന്‍ പക്ഷെ പഴുതില്ല. വേലിയില്‍ കിടന്ന പാമ്പ് കഴുത്തില്‍ ചുറ്റിപ്പിണഞ്ഞു കഴിഞ്ഞു. താന്‍ ചെയ്ത കൊടിയ പാപത്തിന്റെ അടയാളമായി, തന്റെ നികൃഷ്ടതക്കു ലഭിച്ച ശിക്ഷയായി ആ ആഭരണം തല്‍ക്കാലത്തെക്കെങ്കിലും കഴുത്തിലണിയുകയേ തരമുള്ളൂ. ആ നിവൃത്തികേടില്‍ മനസ്സില്ലാ മനസ്സോടെ അവനും സമ്മതിച്ചു;

"ഞങ്ങളൊന്നിച്ചു ജീവിച്ചോളാം".

ഒരു കേസു കെട്ടിനും പൊല്ലാപ്പിനും പരിഹാരമായി എന്ന ആശ്വാസത്തോടെ എസ്.ഐ. ഞങ്ങളുടെ നേരെ തിരിഞ്ഞു;

"ഇവര്‍ ഒന്നിച്ചു ജീവിക്കാമെന്ന് തീരുമാനിച്ച സ്ഥിതിക്ക് ഇനി കേസു ചാര്‍ജു ചെയ്യാനുള്ള വകുപ്പില്ല. കേസുമായി കോടതിയില്‍ പോയാലും മുതിര്‍ന്നവരായതു കൊണ്ട് ഇവരുടെ ഇഷ്ടത്തിന് വിടുകയേ ഉള്ളൂ".

പൊട്ടനാക്കാന്‍ ശ്രമിക്കുന്നത് ഏതു വലിയ പോലീസുകാരനായാലും വകവെച്ചു കൊടുക്കാനാവില്ലല്ലോ. അതു കൊണ്ട് മറുപടി പറയാതിരിക്കാന്‍ കഴിഞ്ഞില്ല.

"കേസിനു വകുപ്പില്ല എന്നത് ശരിയല്ല. ഒന്നല്ല, ഒന്നിലേറെ വകുപ്പുകളുണ്ട്. കേസുമായി മുന്നോട്ടു പോകാന്‍ താല്പര്യമുണ്ടോ എന്നതു മാത്രമേ ചിന്തിക്കേണ്ടതുള്ളൂ".

വിവാഹം ഒരു കരാറാണ്. ഇണകള്‍ ഇരുവരുടെയും മേല്‍ ധാര്‍മ്മികവും സാമ്പത്തികവുമായ ഒരു പാടു ബാധ്യതകളുള്ള കരാര്‍. ഒരു ബസ് യാത്രക്കിടയില്‍ പരിചയപ്പെടുന്ന സഹയാത്രികരെപ്പോലെ താന്താങ്ങള്‍ക്ക് ഇറങ്ങേണ്ട സ്ഥലമെത്തുമ്പോള്‍ 'എന്നാല്‍ ശരി കാണാം' എന്ന് കൈ വീശി ഇറങ്ങിപ്പോകാവുന്ന ഒന്നല്ലല്ലോ വിവാഹ ബന്ധം.

പക്ഷേ, കേസുമായി മുന്നോട്ടു പോകാന്‍ അബൂബക്കറിന് ഒട്ടും താല്പര്യമുണ്ടായിരുന്നില്ല. താല്പര്യമുണ്ടായിരുന്നില്ല എന്നു മാത്രമല്ല ഒന്നിക്കാനുള്ള അവരുടെ തീരുമാനത്തിന് ഒരു തടസ്സവും ഉണ്ടാക്കരുതെന്നായിരുന്നു അവന്റെ അപേക്ഷ. അവര്‍ക്കു നല്‍കാവുന്ന ഏറ്റവും കടുത്ത ശിക്ഷ അവരെ ഒന്നിച്ചു ജീവിക്കാന്‍ അനുവദിക്കുകയാണ് എന്ന പക്ഷക്കാരനായിരുന്നു അവന്‍.

ചിന്തിച്ചപ്പോള്‍ ശരിയാണെന്നു തോന്നി.

സുഖവും രസവും നേരമ്പോക്കും തേടി ചെത്തി നടക്കുന്ന ഒരു പൂവാലന് മൂന്നു മക്കളുടെ മാതാവായ ഒരു മദ്ധ്യവയസ്കയെ ചുമക്കേണ്ടി വരുന്നതിലുള്ള അസഹനീയത അവന്‍ അറിയാനിരിക്കുന്നതേയുള്ളൂ. ജീവിതമെന്തറിഞ്ഞിട്ടില്ലാത്ത ഒരു ഇരുപത്തിമൂന്നുകാരന്റെ വാക്കിലും വീര്യത്തിലും പുളകിതയായി ഇറങ്ങിപ്പുറപ്പെട്ട ഒരുവള്‍ക്ക് കാലം എന്തായിരിക്കും കരുതി വെച്ചിരിക്കുന്നത് എന്ന് ഊഹിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവള്‍ക്കൊഴികെ മറ്റാര്‍ക്കും കഴിയും. ഭൂമിയില്‍ തന്നെ നരകം ചോദിച്ചു വാങ്ങുന്നവര്‍! ആ നരകത്തിന്റെ രുചി സ്റ്റേഷനില്‍ നിന്നിറങ്ങുന്നതിനു മുമ്പേ അവര്‍ക്ക് കിട്ടിത്തുടങ്ങിയിരുന്നു.

മൈത്രിയാണല്ലോ പോലീസിന്റെ ഏറ്റവും പുതിയ മുറ. അതു കൊണ്ടായിരിക്കാം പ്രണയ ജോടികള്‍ ഇനി എങ്ങോട്ടു പോകുമെന്നൊരു വേവലാതി പോലീസിന്.

പിഴച്ചവന്റെ പിതാവിനു നേരെ തിരിഞ്ഞ് എന്നാലിനി ഇവരെയും കൂട്ടി പൊയ്ക്കോളൂ എന്നായിയി എസ്.ഐ.

വളരെ കൃത്യമായിരുന്നു പിതാവിന്റെ മറുപടി.

"ഇവന്‍ ഈ കാട്ടിക്കൂട്ടിയതൊക്കെ അറിഞ്ഞ് തളര്‍ന്നു വീണ എന്റെ ഭാര്യയെ, ഇവന്റെ ഉമ്മയെ ആശുപത്രിയിലാക്കിയിട്ടാണ് ഞാനിങ്ങോട്ടു പോന്നിരിക്കുന്നത്. ഇനി ഇവരെയും കൊണ്ടാണ് ഞാനങ്ങോട്ടു ചെല്ലുന്നതെങ്കില്‍ ആശുപത്രിയില്‍ നിന്നും അവളെ വീട്ടിലേക്കല്ല പള്ളിക്കാട്ടിലേക്കായിരിക്കും ഞാന്‍ കൊണ്ടു പോകേണ്ടി വരിക".

ആ വാതില്‍ അടഞ്ഞിരിക്കുന്നു എന്ന് ബോധ്യമായ എസ്. ഐ. പിഴച്ചവളുടെ സഹോദരന്റെ നേരെ തിരിഞ്ഞു. കണിശമായിരുന്നു അവിടെ നിന്നു കിട്ടിയ മറുപടിയും.

"ഇവള്‍ക്കു കൊടുക്കാനുള്ള എല്ലാ അവകാശങ്ങളും ഞങ്ങള്‍ കൊടുത്തു കഴിഞ്ഞിരിക്കുന്നു. ഇനി ഇവളെന്നല്ല ഇവളുടെ നിഴല്‍ പോലും ഞങ്ങളുടെ മിറ്റത്തു കണ്ടു പോകരുത്. ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചവര്‍ അതിനൊരു വഴിയും കണ്ടുവെച്ചിട്ടുണ്ടാവുമല്ലോ. ആ വഴി തന്നെ അവര്‍ക്കു പോകാം".

കഴുത്തില്‍ നിന്നും തല തെറിച്ചു പോകുമാറ് ശക്തിയില്‍ തല കുടഞ്ഞു കൊണ്ടാണ് സ്റ്റേഷനില്‍ നിന്നിറങ്ങിയത്. എനിക്കത് വിശ്വസിക്കാനാവുമായിരുന്നില്ല, ഇന്നും കഴിയുന്നുമില്ല.

എങ്ങിനെയാണ് ഒരു മാതാവിന് ഇത് സാധ്യമാവുക?!

ഒരു കുഞ്ഞു സന്തോഷമുണ്ടാവുമ്പോഴേക്കും "അമ്മേ........" എന്ന് മധുരമായി നീട്ടി വിളിച്ച് കത്തിച്ച പൂത്തിരി പൊലെ ഇരു കൈകളും നീട്ടി തന്നെ പുണരാന്‍ ഓടിയടുക്കുന്ന സ്വന്തം മക്കളെ, പട്ടാപ്പകല്‍ പോലും ഒരു മുറിയില്‍ നിന്നും ഒറ്റക്ക് മറ്റൊരു മുറിയിലേക്ക് കടക്കാന്‍ പേടിച്ചറച്ചു നില്‍ക്കുന്ന സ്വന്തം പൈതങ്ങളെ, തന്റെ മാറിലെ ചൂടിന്റെ പുതപ്പിനടിയില്‍ മാത്രം അന്തിയുറങ്ങുന്ന അരുമക്കിടാങ്ങളെ ഹിംസ്ര ജന്തുക്കള്‍ നിറഞ്ഞ ഘോരവനത്തില്‍ ഉപേക്ഷിച്ച് ഏത് മാതാവിനാണ്, ഏതു മനുഷ്യ ജീവിക്കാണ് തിരിഞ്ഞു നടക്കാനാവുക?!

നിഷ്കളങ്കരായ തങ്ങളുടെ കുഞ്ഞുങ്ങള്‍ ഏവരാലും നിന്ദിക്കപ്പെട്ട് ഒരു ജന്മം മുഴുവന്‍ കുനിഞ്ഞ ശിരസ്സുമായി സമൂഹ മദ്ധ്യത്തില്‍ കഴിയേണ്ടി വരുന്നത് ഏത് മാതൃ ഹൃദയത്തിനാണ് സഹിക്കാനാവുക?!

ഇല്ല, എനിക്കങ്ങിനെയൊരു മതാവിനെ സങ്കല്പിക്കാന്‍ പോലുമാവുമായിരുന്നില്ല. ആര്‍ക്കും ആവുമെന്നും തോന്നുന്നില്ല.

പക്ഷെ, ഇന്റെര്‍നെറ്റും മൊബൈല്‍ ഫോണുമൊക്കെ നാട്ടിലുണ്ടാക്കുന്ന അരാജകത്വത്തിന്റെയും ദുരന്തങ്ങളുടെയും ആഴം ആരുടെയും സങ്കല്പങ്ങള്‍ക്കപ്പുറത്താണ്. വഴി തെറ്റി വന്ന ഒരു കാള്‍, അല്ലെങ്കില്‍ കുരുക്കാനായിത്തന്നെ വരുന്ന ഒരു മിസ്കാള്‍. ഈ ഒരു കുടുംബത്തിന്റെയും തകര്‍ച്ചയുടെ തുടക്കം അങ്ങിനെയേതെങ്കിലും ഒന്നിലൂടെയായിരിക്കണം.

പെറ്റമ്മയെ നഷ്ടമായ ആ മക്കള്‍ക്ക് ഒരു പോറ്റമ്മയെങ്കിലുമില്ലാതെ മുന്നോട്ടു പോവുക സാദ്ധ്യമായിരുന്നില്ല. ആ അമ്മക്കു വേണ്ടിയുള്ള അന്വേഷണിത്തിനിടയിലാണ് ഒരു മാലാഖയുടെ മുമ്പില്‍ ഞങ്ങളെത്തിപ്പെട്ടത്. കിണറ്റില്‍ വീണ് അകാലത്തില്‍ മരണമടഞ്ഞ സ്വന്തം സഹോദരിയുടെ പറക്കമുറ്റാത്ത മക്കള്‍ക്കു വേണ്ടി വിവാഹവും കുടുംബ ജീവിതവും വേണ്ടെന്നു വെച്ച ഒരു സ്ത്രീരത്നം. തനിക്കു പിറക്കാതെ പോയ ആ മക്കളുടെ സുഖവും സുരക്ഷയേക്കാളും വലുതല്ല തന്റെ സുഖവും സന്തോഷവുമെന്നു തീരുമാനിച്ച ആ മഹതിയുടെ മനസ്സു മാറ്റാന്‍ ഞങ്ങള്‍ക്ക് ഏറെ പണിപ്പെടേണ്ടി വന്നു. ഒടുവില്‍, അമ്മയുപേക്ഷിച്ച ഈ മക്കള്‍ക്കും വേണ്ടേ ഒരു ഒരാശ്വാസം എന്ന ഞങ്ങളുടെ വേദനയുടെ മുമ്പിലാണവര്‍ സമ്മതം മൂളിയത്.

ആ വിവാഹ കര്‍മ്മത്തിന് സാക്ഷിയാകവേ എനിക്ക് അത്ഭുതപ്പെടാതിരിക്കാനായില്ല.

സുഖം തേടിയുള്ള യാത്രയില്‍ തന്റെ ചോരയില്‍ പിറന്ന മക്കളെ വഴിയുലുപേക്ഷിച്ച അമ്മ ഒരു വശത്ത്.

മറ്റാര്‍ക്കോ പിറന്ന മക്കളുടെ അമ്മയാകാനായി സ്വന്തം സുഖവും സന്തോഷവും വേണ്ടെന്നു വെക്കുന്ന ഒരമ്മ മറുവശത്ത്.

സൃഷ്ടി വൈഭവം അതിശയകരം തന്നെ!

മൃഗത്തിന് മൃഗം മാത്രമാവാനേ കഴിയൂ; മാലാഖയ്ക്ക് മാലാഖയും.

അനന്ത കോടി ജീവജാലങ്ങളുള്ള ഈ ഭൂമിയില്‍ മൃഗമാവാനും മാലാഖയാവാനും കഴിയുന്ന ഒരേയൊരു സൃഷ്ടിയേ ഉണ്ടാവാനിടയുള്ളൂ.

മൃഗമെന്നും മാലാഖയെന്നും വിളിക്കാതെ ആ സൃഷ്ടിയെ നാം മനുഷ്യനെന്നു വിളിക്കുന്നു!