2011 മേയ് 4, ബുധനാഴ്‌ച

മലയാളം മതിയാകാതെ വരുമോ?

ജീവിക്കാന്‍ മലയാളം മാത്രം മതിയാവാതെ വന്നവരാണ് മലയാളികളില്‍ വലിയൊരു ഭാഗം. പ്രവാസം ജീവിത മാര്‍ഗ്ഗമാക്കേണ്ടി വരുന്ന ഏതൊരു ജനസമൂഹത്തിനും ഇത്തരമൊരവസ്ഥ സ്വാഭാവികവുമാണ്. അന്നം തേടി അന്യനാടുകളില്‍ ചേക്കേറേണ്ടി വരുന്നവര്‍ക്കു അതതു നാടുകളിലെ ഭാഷ വശമാക്കാതെ വയ്യല്ലോ. ഭാഷ മാത്രമല്ല, ആതിഥേയ ദേശങ്ങളിലെ ജീവിത രീതികളും സംസ്കാരവുമൊക്കെ സ്വജീവിതത്തിന്റെ ഭാഗമാക്കി മാറ്റാന്‍ നാം മലയാളികള്‍ക്കുള്ള കഴിവ് കണ്ട് കണ്ണു തള്ളിയവരാണ് മറ്റെല്ലാവരും. ചേരയെത്തിന്നുന്ന നാട്ടിലാണ് ചെന്നെത്തുന്നതെങ്കില്‍ ഒരു ശങ്കയും കൂടാതെ നടുക്കഷ്ണം തന്നെ തിരഞ്ഞെടുക്കാനുള്ള നമ്മുടെ കഴിവും സന്നദ്ധതതയും കണ്ടതു കൊണ്ടാവണം മറ്റാരേക്കാളും മുമ്പേ ചന്ദ്രനില്‍ ചെന്ന് ചായക്കട നടത്താനുള്ള ലൈസന്‍സ് പോലും ലോക ജനത നാം മലയാളികള്‍ക്ക് അനുവദിച്ച് നല്‍കിയത്!

ഇതെല്ലാം ജീവിക്കാനായി കേരളത്തിന്റെ അതിരുകള്‍ കടക്കേണ്ടി വരുന്നവരുടെ മാത്രം കഥയായിരുന്നു ഇത്രയും കാലമെങ്കില്‍ ഇനിയങ്ങോട്ട് കാര്യങ്ങള്‍ സാധിക്കാന്‍ കേരളത്തിലും
മലയാളം മാത്രം മതിയാകാതെ വന്നേക്കാം എന്നൊരു തോന്നല്‍.

ഇത്തവണ നാട്ടില്‍ ചെന്നപ്പോഴാണ് ഇങ്ങിനെയൊരു തോന്നല്‍ ഉള്ളിലുണ്ടായത്.

മിനിമം ഒന്നര വര്‍ഷത്തെയങ്കിലും ഇടവേളകളിലാണ് നാട്ടില്‍ പോക്ക്. ഇടവേളകള്‍ സാമാന്യം ദീര്‍ഘമായതു കൊണ്ടാവാം ഇക്കാലയളവിനുള്ളില്‍ നാട്ടിലുണ്ടായ മാറ്റങ്ങള്‍ വളരെപ്പെട്ടെന്നു തന്നെ കണ്ണില്‍പ്പെടുക സാധാരണമാണ്. നാടിന്റെ നാനാ മൂലകളിലും കൂണു പോലെ മുളച്ചു പൊങ്ങിയ ടെലഫോണ്‍ ബൂത്തുകളുടെ രൂപത്തിലായിരുന്നു ഒന്നര ദശകങ്ങള്‍ക്ക് മുമ്പ് ആദ്യ വരവില്‍ ആ മാറ്റം കണ്ണില്‍പ്പെട്ടത്. ഗ്രാമമെന്നോ നഗരമെന്നോ വ്യത്യാസമില്ലാതെ ഓലഷെഡ്ഡുകള്‍ മുതല്‍ ബഹുനില കെട്ടിടങ്ങളില്‍ വരെ ആരംഭിച്ച ഇംഗ്ലീഷ് മീഡിയം സ്കൂളുകളാണ് മറ്റൊരിക്കല്‍ ശ്രദ്ധയില്‍പ്പെട്ടത്. എണ്ണിയാലൊടുങ്ങാത്ത ഫൈനാന്‍സ് സ്ഥാപനങ്ങളും (പലിശക്കേന്ദ്രങ്ങള്‍) ജ്വല്ലറികളും കണ്ട് അന്തം വിട്ടതും ഓര്‍മ്മയുണ്ട്. ലൈഫ് ഇന്‍ഷൂറന്‍സ്, മ്യൂച്ച്വല്‍ ഫണ്ട്, പെന്‍ഷന്‍ പദ്ധതികള്‍ തുടങ്ങിയ ഉല്പന്നങ്ങളുമായി ഊഹക്കച്ചവടത്തിലേക്ക് ആളുകളെച്ചേര്‍ക്കാനായി ഇറങ്ങിത്തിരിച്ച പുതുനിര ധനകാര്യ സ്ഥാപനങ്ങളുടെ എക്സിക്ക്യൂട്ടീവുകളെക്കൊണ്ട് വഴി നടക്കാനാവാത്ത അവസ്ഥ നേരിടേണ്ടി വന്നിട്ട് കാലം അധികമായില്ല‍‍.

നാട്ടിലെത്തിയതിനു പിറ്റേന്ന് വീടു പണി നടക്കുന്ന സഹോദരിയെ സന്ദര്‍ശിച്ചപ്പോഴാണ് നാട്ടിലുണ്ടായ ലേറ്റസ്റ്റ് മാറ്റം രാഷ്ട്ര ഭാഷയുടെ രൂപത്തില്‍ ചെവിയില്‍ പതിഞ്ഞത്. ഹിന്ദിയിലാണ് ജോലിക്കാരുമായുള്ള സഹോദരിയുടെ ആശയ വിനിമയം. കേരളം വിട്ട് പുറത്തൊന്നും പോയിട്ടില്ലാത്ത സഹോദരി സാമാന്യം നന്നായിത്തന്നെ ഹിന്ദി സംസാരിക്കുന്നത് കേട്ട് ആശ്ചര്യം കൂറിയ എന്നോട് ഇതിലിത്ര അത്ഭുതപ്പെടാനെന്തിരിക്കുന്നു എന്നായിരുന്നു അവളുടെ മറുചോദ്യം. ആവശ്യം കണ്ടുപിടിത്തത്തിന്റെ മാത്രമല്ല ഭാഷാപഠനത്തിന്റെയും മതാവായി വര്‍ത്തിക്കും എന്നത് നാടു വിട്ട നിന്നോട് പ്രത്യേകം പറയേണ്ടതുണ്ടോ എന്ന ചോദ്യം പുറകെയും. പത്തിരുപത്തൊന്നു കൊല്ലത്തെ വിദ്യാഭ്യാസം കൊണ്ട് സാധിക്കാത്തത് ഒരു വര്‍ഷമായി തുടരുന്ന വീടു പണിയിലൂടെ സാധിച്ചു എന്നൊരു സന്തോഷവും അദ്ധ്യാപിക കൂടിയായ അവളുടെ മുഖത്ത് പ്രകടമായിരുന്നു.

അന്യസംസ്ഥാന ജോലിക്കാരുടെ ആധിക്യത്തെക്കുറിച്ചുള്ള വാര്‍ത്തകളും വിശേഷങ്ങളും കുറച്ചു കാലമായി കേള്‍ക്കന്നുണ്ട്. അതു പക്ഷെ കൊച്ചി പോലുള്ള നഗരങ്ങളിലെ വന്‍കിട പ്രൊജക്ടുകളില്‍ മാത്രം ഒതുങ്ങുന്നു എന്നായിരുന്നു ധാരണ. നാട്ടുമ്പുറങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ബംഗാളികളും ബീഹാറികളുമൊക്കെ കൂടിയേ കഴിയൂ എന്ന അവസ്ഥയിലാണ് കാര്യങ്ങള്‍ എന്ന് തീര്‍ച്ചയായത് സ്വന്തം വീടു പണി കൂടി തുടങ്ങിയതോടയാണ്.

അടിത്തറ പണിയാന്‍ വന്ന പത്തു പേരില്‍ എട്ടും അന്യ സംസ്ഥാനക്കാര്‍!

നാട്ടുകാരെ കിട്ടാത്തതു കൊണ്ടോ അതല്ല കൂലി കുറവ് കൊടുത്താല്‍ മതി എന്നതു കൊണ്ടോ ഈ 'വിദേശി'കളെ കൂടെക്കൂട്ടിയിരിക്കുന്നത് എന്ന എന്റെ സംശയത്തിന് സഭ്യമല്ലാത്ത ഒരു ക്ഷോഭമായിരുന്നു പണി കരാറെടുത്തിരിക്കുന്ന നാടന്‍ മേസ്തിരിയില്‍ നിന്നും മറുപടി ലഭിച്ചത്.

"ഈ മലയാളിപ്പന്നികളുണ്ടോ പണിയെടുക്കുന്നു, എല്ലാത്തിനും മേലനങ്ങാതെ പണം കിട്ടണ്ടേ?". എന്നെ സ്തബ്ധനാക്കിയ മറുപടിക്കൊപ്പം അദ്ദേഹം കൂട്ടിച്ചേര്‍ത്തു; "ഇക്കൂട്ടര്‍ക്കും കൊടുക്കണം നാനൂറും നാനൂറ്റമ്പതും കൂലി. താമസ സൗകര്യവും ഭക്ഷണവും നല്‍കി കൂട്ടില്‍ നിന്ന് കൂടാരത്തിലേക്കും തിരികെ കൂട്ടിലേക്കും കൊണ്ടു പോകുന്ന സര്‍ക്കസ് മൃഗങ്ങളെപ്പോലെ കൂടെക്കൊണ്ടു നടക്കാന്‍ കഴിയുമെങ്കിലേ കൂലിക്കാര്യത്തില്‍ എന്തെങ്കിലും കുറവുണ്ടാവൂ. ചെറുകിട പണികള്‍ മാത്രം ഏറ്റെടുക്കുന്ന നമ്മളെക്കൊണ്ടെങ്ങിനെ സ്ഥിരം പണി നല്‍കാനാവും?!"

ആരും ജോലി ചെയ്യുന്നില്ല എന്നാലും എല്ലാവരുടെ കയ്യിലും വേണ്ടതിലേറെ കാശുണ്ടല്ലോ എന്ന സംശയത്തിന് കണ്ണും കാതും തുറന്നു പിടിച്ച് അങ്ങാടിയിലൂടെ ഒന്ന് കറങ്ങാനായിരുന്നു മേസ്തിരിയുടെ ഉപദേശം.

നാട്ടുകാരില്‍ ഏറിയ കൂറും ഏതെങ്കിലുമൊക്കെ മാഫിയകളുടെ ഭാഗമാണെന്നായിരുന്നു മേസ്തിരിയുടെ വിശദീകരണം. ഭൂ മാഫിയയുടെ, മണല്‍ മാഫിയയുടെ, ഹവാലാ മാഫിയയുടെ അങ്ങിനെയങ്ങിനെ....... ഇരുന്നിടത്തും നിന്നും എഴുന്നേല്‍ക്കാന്‍ പോലും മിനക്കെടേണ്ടതില്ല. ഒരു ചിന്ന ഫോണ്‍ കാള്‍, അതു മതി ആയിരവും പതിനായിരവും ലക്ഷവുമൊക്കെ കമ്മീഷനായി മറിയാന്‍! പിന്നെയെന്തിനു തടി കേടാക്കി പണിയെടുക്കണം?!

മേസ്തിരിയുടെ വിശദീകരണം കേള്‍ക്കെ തന്റെ നാട്ടുകാരെ മുഴുവന്‍ സമ്പന്നരാക്കണമെന്നു പ്രാര്‍ത്ഥിച്ച ഭക്തന്റെ കഥയോര്‍ത്തു പോയി. 'വേണ്ട, അതു നിങ്ങള്‍ക്കു വിനയാവുകയേ ഉള്ളൂ' എന്ന ദൈവത്തിന്റെ പ്രതിവചനം പക്ഷെ ഭക്തനെ പിന്തിരിപ്പിച്ചില്ല. കണ്ടറിയാത്ത തന്റെ ദാസന്‍ കൊണ്ടറിയട്ടെ എന്നു തീരുമാനിച്ച ദൈവം ഭക്തന്റെ വിനയപൂര്‍ണ്ണമായ ശാഠ്യം അംഗീകരിച്ചു കൊടുത്തു. നാട്ടിലുള്ളവരെല്ലാം നൊടിയിട കൊണ്ട് ധനാഡ്യരായി. സമ്പത്ത് കൈവന്നതോടെ ആളുകള്‍ കൃഷിയും കച്ചവടവുമെല്ലാം ഉപേക്ഷിച്ചു. പണമുള്ളതു കൊണ്ട് പണിയെടുത്തില്ലെങ്കിലും പ്രശ്നമില്ല എന്നായതോടെ ആരും ഒരു ജോലിയും ചെയ്യാതായി. ഫലം: പുര മേയാനറിയാത്തവന്റെ വീട് മേയാതെ കിടന്നു.കൃഷിപ്പണി അറിയാത്തവന്റെ കൃഷിയിടം തരിശായിക്കിടന്നു. വ്യാപാരവും വ്യാപാരികളുമില്ലാത്തതിനാല്‍ ഒന്നും പണം കൊടുത്ത് വാങ്ങാനാവാതെയുമായി! ആര്‍ക്കും മറ്റാരെയും ആശ്രയിക്കേണ്ടതില്ലാത്ത വിധം സമ്പന്നരായിട്ടും ആരുടെയും ജീവിതം മുന്നോട്ടു പോകാതെയുമായി!

ആപത്തു മനസ്സിലാക്കിയ ഭക്തന്‍ വീണ്ടും ദൈവത്തിന്റെ മുന്നില്‍ മുട്ടു കുത്തി. എത്രയും പെട്ടെന്ന് തങ്ങളെ പൂര്‍വ്വ സ്ഥിതിയിലാക്കണേ എന്നായിരുന്നു ഇത്തവണ ഭക്തന്റെ പ്രാര്‍ത്ഥന! ഇത്തരമൊരു പ്രാര്‍ത്ഥന ആവശ്യമില്ലാത്ത വിധം മലയാളി ജീവിതം മുന്നോട്ടു പോകുന്നതിന് ദൈവത്തിനോട് നാം നന്ദി പറയേണ്ടിയിരിക്കുന്നു. നമുക്കു വേണ്ട അരിയും പച്ചക്കറിയും കൃഷി ചെയ്യാന്‍ ആന്ധ്രയെന്നും തമിഴ്നാടെന്നും പേരുള്ള രണ്ടു സംസ്ഥാനങ്ങള്‍ സൃഷ്ടിച്ചു തന്ന, നമുക്കു വേണ്ട വീടുകളും റോഡുകളും പാലങ്ങളും പണിയാന്‍ ബംഗാളികളെയും ബീഹാറികളെയും കേരളത്തിലേക്കയച്ചു തന്ന ദൈവത്തിനോട്.

ഒപ്പം, ഇന്നാട്ടില്‍ നിന്നാല്‍ രക്ഷയില്ല എന്ന അരക്ഷിത ബോധത്തില്‍ നാം അനേക ലക്ഷങ്ങള്‍ ഉപേക്ഷിച്ചു പോന്ന നമ്മുടെ ജന്മഭൂമി മറ്റനേകായിരങ്ങള്‍ക്ക് അഭയ കേന്ദ്രമാവുന്നത് കണ്ട് സന്തോഷിക്കുകയും ചെയ്യുക.

ദോഷൈക ദ്രക്കായതു കൊണ്ടാണോ എന്നറിയില്ല ഈ സന്തോഷങ്ങളെല്ലാം എത്ര കാലം നീണ്ടു നില്‍ക്കും എന്നൊരു സന്ദേഹം മനസ്സിലുയരുന്നു.

എങ്ങോട്ടു തിരിഞ്ഞാലും പണം, എന്തു ചെയ്താലും കൈ നിറയെ കാശ് എന്നത് അശാസ്ത്രീയവും അനിഷ്ടകരവുമായ ഒരു സാമ്പത്തിക വികസനത്തിന്റെ ലക്ഷണമായേ കാണാനാവൂ. അയഥാര്‍ത്ഥമായ അത്തരം വികസനങ്ങളും അനായാസം അര്‍ഥം കരഗതമാകുന്ന ഐശ്വര്യ കാലവും ഏറെക്കാലമൊന്നും നീണ്ടു നില്‍ക്കില്ല. ഏറെ വികസിച്ചാല്‍ പൊട്ടാത്ത ബലൂണുകളില്ല എന്ന സത്യം പല രാജ്യങ്ങളുടെയും സമീപ കാല ചരിത്രം നമ്മോട് ഉച്ചത്തില്‍ വിളിച്ചു പറയുന്നുണ്ടല്ലോ.

പ്രളയത്തിനു ശേഷം വരള്‍ച്ച എന്ന അത്തമൊരു ഘട്ടം മുന്നിലെത്തിയാല്‍ അദ്ധ്വാനം ശീലിച്ചിട്ടില്ലാത്ത നമ്മുടെ യുവ തലമുറയും ശീലിച്ചതു മറന്നു കളഞ്ഞ മുതിര്‍ന്ന തലമുറയും എങ്ങിനെയാവും ആ അവസ്ഥയെ നേരിടുക?

ഒരു മലയാളി മനസ്സു കൊണ്ടു ചിന്തിക്കുമ്പോള്‍ രണ്ടു വഴികളിലേതെങ്കിലുമൊന്നായിരിക്കും നാം തിരഞ്ഞെടുക്കുക എന്നു തോന്നിപ്പോകുന്നു. ഒന്ന്, എല്ലാ പ്രശ്നങ്ങളും അവസാനിക്കും എന്ന വ്യാമോഹത്തില്‍ ജീവിച്ചിരിക്കുന്നവരുടെ തലയില്‍ ഒരു പാടു പ്രശ്നങ്ങള്‍ നിക്ഷേപിച്ച് മരണത്തിന്റെ വഴി; ആത്മഹത്യ! അല്ലെങ്കില്‍ പാലായനം. ഈയുള്ളവനെപ്പോലുള്ളവര്‍ പണ്ടേ തിരഞ്ഞെടുത്ത പാലായനവും പ്രവാസവും.

ചുരുക്കത്തില്‍ ജീവിക്കാനാണ് തീരുമാനമെങ്കില്‍, അത് നാട്ടിലായാലും മറുനാട്ടിലായാലും, മലയാളം നമുക്ക് മതിയാകാതെ വന്നേക്കും എന്നതു തന്നെ സാരം.