2010 ഏപ്രിൽ 8, വ്യാഴാഴ്‌ച

ഒരു നിധിയുടെ കഥ

(ഇതൊരു കുട്ടിക്കഥയാണ്, കിട്ടികള്‍ക്കുള്ള കഥ. ഇന്ന് മുതുക്കന്മാരായ നാമെല്ലാവരും കുറെക്കാലം മുമ്പ് കുട്ടികളായിരുന്നല്ലോ. ആ കാലവും ഭാവവും ഇന്നും ഉള്ളില്‍ സൂക്ഷിക്കുന്നവരുണ്ടെങ്കില്‍ അവര്‍ക്കും ഈ കഥ രസിച്ചു കൂടായ്കയില്ല. മുഴുവന്‍ വായിച്ചു തീര്‍ക്കാനുള്ള ക്ഷമ കൈവശമുണ്ടെങ്കില്‍ ഒന്നു ശ്രമിച്ചു നോക്കുക. ഉപാധികളില്ലാതെ സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്തിരുന്ന ആ നല്ല കാലത്തിലെ, സ്വന്തം കുട്ടിക്കാലങ്ങളിലെ മറക്കാനാവാത്ത ചില മുഹൂര്‍ത്തങ്ങളിലേക്ക് ഒരിക്കല്‍ കൂടി നിങ്ങള്‍ക്കും തിരിച്ചു പോകാനായിക്കൂടെന്നില്ല).
ഒരു നിധിയുടെ കഥ
ഉണ്ണിക്ക ഞങ്ങളുടെ അയല്‍ക്കാരന്‍ മാത്രമല്ല, ഞങ്ങള്‍ കുട്ടിപ്പട്ടാളങ്ങളുടെ നേതാവു കൂടിയാണ്. ഉണ്ണിക്ക എന്നത് വിളിപ്പേരു മാത്രമാണ്. ഇബ്നു അബൂബക്കര്‍ എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. വീട്ടിലെ ഏക ആണ്‍ തരിയായതു കൊണ്ടും ഇളയ സന്താനമായതു കൊണ്ടും സഹോദരികള്‍ അദ്ദേഹത്തെ ഉണ്ണീ എന്നു വിളിച്ചു പോന്നു. ആളു മുതിര്‍ന്നപ്പോഴും വിളിയില്‍ മാറ്റമൂണ്ടായില്ല. ഇള മുറക്കാരായ ഞങ്ങള്‍ ഉണ്ണിയോടൊപ്പം ഒരു ഇക്ക കൂടി ചേര്‍ത്ത് അദ്ദേഹത്തെ ഉണ്ണിക്കയാക്കി.
സ്ക്കൂള്‍ അവധി ദിനങ്ങളീള്‍ ഉണ്ണിക്കായുടെ പിന്നാലെ കൂടും ഞങ്ങള്‍. ഒരു പാടു കളികളറിയാം ഉണ്ണിക്കാക്ക്; ഒരു പാട് കഥകളും. ഈ കളികളിലൂടെയും കഥകളിലൂടെയും ഒരു പാട് കാര്യങ്ങളും ഉണ്ണിക്ക ഞങ്ങളെ പടിപ്പിച്ചു.
കളിച്ചു മദിച്ചു തളര്‍ന്ന് മാഞ്ചോട്ടിലൊത്തു കൂടിയ ഒരു സായാഹ്നത്തില്‍ ഒരു കഥ കൂടി കേള്‍ക്കണമെന്നായീ, ഞങ്ങള്‍.
നിര്‍ബന്ധം സഹിക്കവയ്യാതായപ്പോള്‍ ഉണ്ണിക്ക കഥ പറയാനാരംഭിച്ചു.
"ഇതൊരു വെറും കഥയല്ല" ആമുഖത്തോടെ ഉണ്ണിക്ക തുടങ്ങി. വര്‍ഷങ്ങള്‍‍ക്കു മുമ്പ് ഞാനും നിങ്ങളെപ്പോലെ ഒരു കുട്ടിയായിരുന്ന കാലത്ത് എന്റെ ജീവിതത്തിലുണ്ടായതാണ് ഇക്കഥ. അക്കാലത്ത് എന്റെ മാതാവിന് അസാധാരണമായ ഒരു അസുഖം പിടിപെട്ടു. മുഖത്തും ശരീരത്തിലും തവിട്ടു നിറത്തിലുള്ള പാടുകള്‍, പിന്നെ നിറ വിത്യാസമുള്ളിടത്ത് ഉറുമ്പു കടിച്ചാലുണ്ടാകുന്നതു പോലുള്ള തടിപ്പും.
നാട്ടുമ്പുറത്തുള്ള ഡോക്ടറെ കാണിച്ചു.
ഞാന്‍ കുറിച്ചു തരുന്ന ഗുളിക വാങ്ങി മുടങ്ങാതെ കുറെക്കാലം കഴിക്കുക എന്നായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദ്ദേശം. മാറുന്നതിനു പകരം ഗുളിക കഴിക്കാന്‍ തുടങ്ങിയതോടെ ഉമ്മാടെ മുഖവും ശരീരവുമാകെ കൂടുതല്‍ കരുവാളിക്കുകയാണ് ചെയ്തത്.
" ആ ഗുളിക കഴിക്കുമ്പോള്‍ ഇങ്ങിനെയിരു മാറ്റം സ്വാഭാവികമാണ്. ഗുളിക ഫലം ചെയ്യുന്നതിന്റെ ലക്ഷണമാണത്. കുറെക്കഴിയുമ്പോള്‍ ഈ കരുവാളിപ്പെല്ലാം മാറിക്കോളും, പേടിക്കാനൊന്നുമില്ല". ഇതായിരുന്നു വിവരം പറഞ്ഞപ്പോള്‍ ഡോക്ടറുടെ മറുപടി.
ഈ മറുപടി പക്ഷെ ആരുടെയും പേടി തീര്‍ത്തില്ല.
ഇന്നത്തെപ്പോലെയല്ല. ചാനലുകളും സീരിയലുകളുമൊന്നും സര്‍വ്വ സാധാരണമായിട്ടില്ലാത്ത കാലമാണ്. നാട്ടില്‍ എന്തു വിശേഷമുണ്ടായാലും അതേക്കുറ്ച്ച് പൊടിപ്പും തൊങ്ങലും ചേര്‍ത്ത ഇല്ലാക്കഥകള്‍ പടച്ചുണ്ടാക്കി നാടു നീളേ പാടി നടക്കുക എന്നതായിരുന്നു ചില നാട്ടുമ്പുറത്തുകാരുടെ അക്കാലത്തെ പ്രധാന വിനോദം. മനസ്സിനു രോഗം ബാധിച്ച അക്കൂട്ടര്‍ ഉമ്മാടെ അസുഖത്തെക്കുറിച്ചും കെട്ടിച്ചമച്ചു അനേകം കള്ളക്കഥകള്‍. ഒരു നിധിയുടെ കഥയായിരുന്നു അക്കൂട്ടത്തില്‍ കൂടുതല്‍ ചെവികളിലെത്തിയ കള്ളം. പുതുക്കിപ്പണിയാനായി പഴയ വീട് പൊളിച്ചു മാറ്റിയപ്പോള്‍ പുരത്തറക്കടിയില്‍ ഒരു നിധി ഉണ്ടായിരുന്നു എന്നും നിധിക്കു കാവലിരുന്ന പാമ്പിനെ തല്ലിക്കൊന്ന് നിധി കൈക്കലാക്കിയതില്‍ പിന്നെയാണ് ഉമ്മാക്ക് രോഗം പിടി പെട്ടത് എന്നുമുള്ള കള്ളക്കഥ. ' ഊഹാപോഹങ്ങളെ നിങ്ങള്‍ വിശ്വസിക്കരുത്, കാരണം വാര്‍ത്തകളില്‍ ഏറ്റവും കള്ളമായിട്ടുള്ളത് ഊഹാപോഹങ്ങളാണ്' എന്ന മദ്രസ്സയില്‍ പടിച്ച നബിവചനം ജീവിതത്തില്‍ ഞങ്ങള്‍ അനുഭവിച്ചറിയുകയായിരുന്നു.
ഒരു ഭാഗത്ത് ഉമ്മാടെ അസുഖം ഭേമാകാത്തതിലുള്ള ആധി, മറുഭാഗത്ത് നാട്ടില്‍ പ്രചരിക്കുന്ന കള്ളകഥകളുണ്ടാക്കുന്ന മനോവേദന. വല്ലാത്തൊരു അവസ്ഥയിലൂടെ കടന്നു പോകവെ സ്വാഭാവികമായും ഇനി എന്തു വേണമെന്ന ചിന്തയായി എല്ലാവരുടെയും ഉള്ളില്‍.
മറ്റാരെയെങ്കിലും കാണിക്കണമെന്ന അഭിപ്രായം ഉയര്‍ന്നു വന്നു.
അലോപ്പതി വേണ്ട ആയുര്‍വ്വേദം മതി എന്നായി ചിലര്‍. ഇതെന്തോ ബാധയാണ്, മരുന്നല്ല മന്ത്രമാണ് വേണ്ടതെന്ന് വേറെ ചിലര്‍. മൂന്നു നാലു മഹാ മാന്ത്രികന്മാരുടെ പേരുകളും നിര്‍ദ്ദേശിച്ചു അവര്‍. നിധിയുടെ നിജ സ്ഥിതി പുറത്തു കൊണ്ടു വരാനായെങ്കിലോ എന്നൊരു ലാക്കു കൂടിയുണ്ടായിരുന്നു ഈ നിര്‍ദ്ദേശം മുന്നോട്ടു വെച്ച ചില ഗുണകാംക്ഷികളുടെയുള്ളില്‍.
കുടുംബാംഗങ്ങള്‍ക്കിടയില്‍ ഈ ചര്‍ച്ച മുറുകിക്കൊണ്ടിരിക്കുമ്പോഴായിരുന്നു അയല്‍വാസിയായ ഉമര്‍ മൗലവി കടന്നു വന്നതും ദൂരെ നഗരത്തിലുള്ള വിദഗ്ധനായ ഒരു ഡോക്ടറെക്കുറിച്ചു പറഞ്ഞതും. അദ്ദേഹത്തിന്റെ വാകുകള്‍ക്ക് വലിയ സ്ഥാനമുണ്ട് ഞങ്ങള്‍ക്കിടയില്‍. പണ്ട് വസൂരി വന്നു മരണം കാത്തു കിടന്ന എന്റെ മൂത്ത സഹോദരിമാരിലൊരാളെ മന്ത്രവാദത്തിനും അതു വഴി മരണത്തിനും വിട്ടു കൊടുക്കാതെ രക്ഷിച്ചത് അന്ധവിശ്വാസം അശേഷം തീണ്ടിയില്ലാത്ത ആ പണ്ഡിതന്റെ ഇടപെടല്‍ മൂലമായിരുന്നു. " ഞാന്‍ തിരിച്ചു വരുന്നതു വരെയെങ്കിലും നിങ്ങള്‍ക്കൊക്കെ ഒന്നു ക്ഷമിക്കാമോ " എന്ന് രോഷത്തോടെ ഉച്ചത്തില്‍ ചോദിച്ചു കൊണ്‍ട് അന്നദ്ദേഹം പടിയിറങ്ങിപ്പോയി. മണിക്കൂറുകള്‍ക്കു ശേഷം തിരിച്ചു വരുമ്പോള്‍ കൂടെയൊരു ഡോക്ടറുമുണ്ടായിരുന്നു. നാട്ടിലോ അയല്‍ പ്രദേശങ്ങളിലോ ഡോക്ടര്‍മാരില്ലാതിരുന്ന അറുപതുകളുടെ അവസാനത്തില്‍ പുഴ കടന്ന്, നാഴികകള്‍ താണ്ടി സ്വന്തം കീശയിലെ പണവും ചെലവഴിച്ച് ഡൊക്ടറെ കൊണ്‍ടു വരികയായിരുന്നു അദ്ദേഹം. ഇപ്പോഴിതാ സമാനമായ ഒരു ചുറ്റുപാടില്‍ തന്റെ ഉപദേശവും സഹായവുമായി ആ നല്ല അയല്‍ക്കാരന്‍ വീണ്ടും ഓടിയെത്തിയിരിക്കുന്നു.
കൂടുതലൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല ഞങ്ങളുടെ പിതാവിന്. നാളെത്തന്നെ നഗരത്തിലെ ഡോക്ടറെപ്പോയിക്കാണാം എന്ന് ഉറക്കെ തീരുമാനിച്ചു കൊണ്ട് എല്ലാ ചര്‍ച്ചകള്‍ക്കും ബാപ്പ വിരാമമിട്ടു.
പിറ്റേന്നു തന്നെ പുറപ്പെട്ടു.
വിശദമായി പരിശോധിച്ച നഗരത്തിലെ ഡോക്ടര്‍ നാട്ടുമ്പുറത്തെ ഡോക്ടറുടെ ചികില്‍സ ശരി വെച്ചു. കൂടെ ഒരു മുന്നറിയിപ്പു കൂടി നല്‍കി. " ശ്രദ്ധിച്ചില്ലെങ്കില്‍ ഈ തടിപ്പുകളെല്ലാം വൃണങ്ങളായി മാറി പഴുക്കാനിടവരും. പഴുപ്പിന്റെ അനന്തരഫലമായി അവയവങ്ങള്‍ക്ക് കേടുപാടുകളുണ്ടായെന്നും വരും. ഏതെങ്കിലും ആശുപത്രിയില്‍ കിടന്ന് ചികില്‍സ തുടരുന്നതാവും നല്ലത്. അതിനു തയ്യാറെങ്കില്‍ ഞാനൊരു കത്തു തരാം. അതുമായി ചെന്ന് ഞാന്‍ പറയുന്ന ആശുപത്രിയില്‍ അഡ്മിറ്റാവുക. ആഴ്ചയില്‍ രണ്ടു തവണ ഞാനും വരുന്നുണ്ട് രോഗികളെ പരിശോധിക്കാനായി അവിടെ. അപ്പോള്‍ തമ്മില്‍ കാണുകയുമാവാം.
രോഗത്തിന്റെ ഗൗരവം ഞങ്ങള്‍ക്കു ബോധ്യമായി.
പാരമ്പര്യമായോ പകര്‍ച്ചയായോ മാത്രം കിട്ടുന്ന രോഗം എങ്ങിനെ, ഇതു രണ്ടിനും ഇടയില്ലാതെ, ഉമ്മാനെ പിടി കൂടി എന്ന സംശയം ബാക്കിയായി.
മറ്റൊരു പരിശോധനയുടെയും സഹായം കൂടാതെയാണ് നാട്ടിലെ ഡോക്ടര്‍ ചികില്‍സ നിശ്ചയിച്ചത്. നഗരത്തിലെ ഡോക്ടറാകട്ടെ രക്ത പരിശോധനയുടെ പിന്‍ബലത്തോടെയും. രോഗ നിര്‍ണ്ണയം തെറ്റാനിടയില്ല. എങ്കിലും........ എങ്ങിനെ.......?
രോഗത്തെത്തന്നെ സൃഷ്ടിച്ച ദൈവത്തിനുണ്ടോ ആ രോഗം താനിച്ഛിക്കുന്നവര്‍ക്ക് നല്‍കാന്‍ പ്രയാസം എന്ന ചിന്ത സംശയത്തിനുള്ള നിവാരണമായി മനസ്സില്‍ തെളിഞ്ഞു.
അഡ്മിഷനു തയ്യാറായി ഡോക്ടറുടെ കത്തും വാങ്ങി ആശുപത്രിയിലേക്കു പുറപ്പെട്ടു.
നഗരത്തില്‍ നിന്നു പിന്നെയും കുറേയേറെ ദൂരെ വലിയൊരു മലയുടെ മുകളിലായിരുന്നു ആതുരാലയം.
അധികം ഉയരമില്ലാതെ ഒറ്റ നിലകളിലായി അങ്ങിങ്ങു പരന്നു കിടക്കുന്ന കുറേ കെട്ടിടങ്ങള്‍. അവക്കിടയില്‍ ചന്തമുള്ള പൂന്തോട്ടങ്ങള്‍. മറ്റു ആശുപത്രികളിലെപ്പോലെ തിക്കും തിരക്കും ബഹളങ്ങളുമില്ല. ഒരു ആരാധനാലയത്തിലെന്ന പോലെ നിറഞ്ഞ ശാന്തത.
നഗരത്തിലെ ഡോക്ടര്‍ തന്ന കത്ത് ആശുപത്രി തലവനായ ഡോക്ടറെ കാണിച്ചു. അഡ്മിറ്റിനു വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി, കിടക്കാനുള്ള വാര്‍ഡും കട്ടിലും കാണിച്ചു തരാനായി നഴ്സിനെ കൂടെ വിട്ടു.
ഉമ്മാക്ക് തുണയായി കൂടെ ആശുപത്രിയില്‍ നില്‍ക്കാം എന്ന് തീരുമാനിച്ചിരുന്നു ഞാന്‍.
കിടക്കാനുള്ള കട്ടില്‍ വിരിച്ചതിനു ശേഷം നഴ്സ് പറഞ്ഞു; " ഇനി കൂടെ വന്നവര്‍ക്കെല്ലാം തിരിച്ചു പോകാം. രോഗിയുടെ കൂടെ മറ്റാരും നില്‍ക്കാന്‍ പാടില്ല എന്നാണ് ഇവിടത്തെ നിയമം ".
ഉമ്മായെ തനിച്ചാക്കി, അതും ഇത്രയും ദൂരെ, തിരിച്ചു പോവുകയോ പറ്റില്ല എന്നയി ഞാന്‍.
" അതു പറഞ്ഞാല്‍ പറ്റില്ലല്ലൊ മോനേ, ഉമ്മയെ ഇവിടെ കിടത്തണമെങ്കിലും ചികില്‍സിക്കണമെങ്കിലും ഇവിടത്തെ നിയമങ്ങള്‍ പാലിച്ചല്ലേ പറ്റൂ ". അടുത്ത കട്ടിലില്‍ കിടക്കുന്ന രോഗിയുടെ വാക്കുകള്‍ ‍കേള്‍ക്കെ എന്റെ വാശി പോയി പകരം സങ്കടമായി.
കട്ടില്‍ കാലും പിടിച്ചു നിന്നു കരയാന്‍ തുടങ്ങി ഞാന്‍.
അരികിലേക്കു വിളിച്ചു ഉമ്മ എന്നെ മാറോടണച്ചു.
ഇരു കൈകള്‍ കൊണ്ടും വട്ടം ചുറ്റിപ്പിടിച്ചു ഞാനാ നെഞ്ചില്‍ പതുങ്ങിയമര്‍ന്നു.
എന്റെ ശിരസ്സില്‍ മുഖമമര്‍‍ത്തി ഉമ്മ വിങ്ങിപ്പൊട്ടി. " ഉമ്മാടെ കുട്ടി കരയാണ്ട് പൊയ്ക്കോ....... ഉമ്മാക്കൊന്നും ഉണ്ടാവൂല........".
ഉമ്മാടെ കണ്ണീരില്‍ എന്റെ തലമുടി കുതിര്‍ന്നു.
ഞങ്ങള്‍ ഇരുവരുടെയും മാത്രമല്ല, വാര്‍ഡിലുള്ള മിക്ക രോഗികളുടെ കണ്ണുകളും നിറയുന്നുണ്ടായിരുന്നു അപ്പോള്‍. മക്കളെ പെറ്റ അമ്മമാരും ഉമ്മമാരുമൊക്കെയല്ലേ അവരും. ദൂരെ ...ദൂരെ....... താന്താങ്ങളുടെ വീടുകളില്‍ കഴിയുന്ന സ്വന്തം മക്കളെക്കുറിച്ച് അവരും അപ്പോള്‍ ഓര്‍ത്തു കാണണം. അല്ലെങ്കില്‍ തങ്ങളെ വിട്ടു പോകാനാവാതെ വേദനയോടെ കേഴുന്ന സ്വന്തം മകനായി ഒരു നിമിഷം എന്നെയും അവര്‍ മനസ്സില്‍ കണ്ടിരിക്കണം.
അപ്പോഴാണ് കൂടെ വന്നവരൊക്കെ തിരിച്ചു പോയോ എന്ന് തീര്‍ച്ചയാക്കാനായി നഴ്സ് വീണ്ടും വാര്‍ഡിലേക്കു കടന്നു വന്നത്. കണ്ടതാകട്ടെ, നിറഞ്ഞ കണ്ണുകളും ചുവന്ന മുഖങ്ങളുമായി ഒരു ചിത്രത്തിലെന്നപോലെ നിശ്ചലായിരിക്കുന്ന ഞങ്ങളെയും!
ഒരു നിമിഷം നഴ്സ് പകച്ചു നിന്നു. പിന്നെ എന്തു പറ്റി എല്ലാവര്‍ക്കും എന്ന് അടുത്തുള്ള രോഗിയോട് കാര്യം തിരക്കി.
സംഗതി മനസ്സിലായി എന്ന മട്ടില്‍ തലയാട്ടിക്കൊണ്ട് ഞങ്ങളുടെ അടുത്തേക്ക് വന്നു പറഞ്ഞു. " ഇതു നല്ല കഥ! ഉമ്മേം മോനും കരയ് മാത്രല്ല മറ്റുള്ളോരെ കരയിക്ക കൂടി ചെയ്തൂലോ. രോഗം മാറാനല്ലേ ഇവിടെ കിടക്കുന്നത്. ഒറ്റക്കൊന്നുമല്ലല്ലൊ ഉമ്മ ഇവിടെ " വാര്‍ഡിലുള്ള രോഗികളെ ആകമാനം തന്റെ കണ്ണുകളാല്‍ ഉഴിഞ്ഞു കൊണ്ട് തുടര്‍ന്നു; " ഇവരൊക്കെ ഇല്ലേ കൂട്ടിനായി ഇവിടെ. പകരുന്ന രോഗമായതു കൊണ്ടാണ് ആരെയും നില്‍ക്കാന്‍ അനുവദിക്കാത്തത്. ഉമ്മാനെ ശ്രദ്ധിക്കാന്‍ ഞങ്ങളും ഡോക്ടര്‍മാരുമില്ലേ മോന്‍ സമാധാനമായി പൊയ്കോ ". പുഞ്ചിരിക്കുന്ന മുഖവുമായി ഇതു പറയുന്ന അവരുടെ കണ്ണുകളിലും കണ്ടു അപ്പോള്‍ ഞാന്‍ കണ്ണീരിന്റെ തിളക്കം. അല്ലെങ്കിലും സന്തോഷത്തിന്റെയും സങ്കടത്തിന്റെയും കാര്യം അങ്ങിനെയല്ലേ. കണ്ടു നില്‍ക്കുന്നവര്‍ നല്ല മനസ്സുള്ളവരാണെങ്കില്‍ അവരിലേക്കും പടരുന്നു ചിരിയും കണ്ണീരും, മറ്റൊരു പകര്‍ച്ച വ്യാധിയെന്ന പോല്‍! അവിടെയുള്ളവരൊക്കെ നല്ലവര്‍ തന്നെ എന്നു തോന്നി എനിക്ക്. മനസ്സിന് രോഗം ബാധിക്കാത്ത നല്ല മനുഷ്യര്‍.
ആ നല്ല മനുഷ്യരുടെ കൂടെയാണല്ലോ ഉമ്മ എന്ന സമാധാനത്തോടെ, മനസ്സില്ലാ മനസ്സോടെ തിരിച്ചു പോന്നു.
വീട്ടിലെത്തിയിട്ടും പക്ഷെ മനസ്സിലെ മ്ളാനത വിട്ടു പോയില്ല.
ഉമ്മയില്ലാത്ത വീട്ടില്‍ ഒരു രസവുമുണ്ടാവില്ല.
വീടു പോലും ഒരു പാവം പോലെയായി. പഠിത്തവും കുട്ടികളുടെ ആരവങ്ങളുമില്ലാത്ത അവധി ദിനങ്ങളിലെ സ്ക്കൂള്‍ കെട്ടിടം പോലെ.
കുട്ടികളും അവരുടെ കളിചിരികളുമുണ്ടെങ്കിലേ ഏതു കെട്ടിടവും സ്കൂളാവുന്നുള്ളൂ. അപ്രകാരം തന്നെ ഉമ്മയും ഉമ്മാടെ സ്നേഹവും നിറഞ്ഞു നില്‍ക്കുമ്പോഴേ വീട് വീടാവുന്നുള്ളൂ എന്ന് തോന്നി എനിക്ക്.
ബാപയും സഹോദരിമാരുമൊക്കെ ചുറ്റിലുമുണ്ടായിട്ടും ഉമ്മയില്ലാത്ത കാരണം ആരുമില്ലാത്ത പോലെയായി.
വീടിന്റെ ഇരുട്ടു നിറഞ്ഞ മൂലകളില്‍ നിന്നു ആരും കാണാതെ കരയുക പതിവായി.
എല്ലാ അസുഖങ്ങളും ഭേദമായി ഉമ്മ തിരിച്ചെത്തുമല്ലോ എന്ന ചിന്തയില്‍ ചിലപ്പോഴൊക്കെ സന്തോഷം കണ്ടെത്തി.
ചെല്ലാന്‍ പാടില്ല എന്ന വിലക്ക് ലംഘിച്ചും ആശുപത്രിയില്‍ പോയി ഉമ്മായെ കണ്ടു.
മാസങ്ങള്‍ അനവധി കടന്നു പോയി.
ഒരിക്കല്‍ വിശേഷമറിയാനായി പിതാവുമൊന്നിച്ച് ആശുപത്രിയില്‍ ചെന്നപ്പോള്‍ ഡോക്ടര്‍ പറഞ്ഞു; " രോഗം മറ്റുള്ളവരിലേക്ക് പകരുന്ന ഘട്ടം കഴിഞ്ഞു. മരുന്നും ശ്രദ്ധയും മുടങ്ങില്ല എന്ന് തീര്‍ച്ചയുണ്ടെങ്കില്‍ ഇനി വീട്ടിലേക്കു പോകാം. എങ്കിലും ആശുപത്രിയിലെന്ന പോലെ പൂര്‍ണ്ണ വിശ്രമം നിര്‍ബന്ധം. എല്ലാ മാസവും രക്ടം പരിശോധിക്കുകയും ഡോക്ടറെ കാണുകയും വേണം. അതിനായി ഇവിടെ വരണമെന്നില്ല. നഗരത്തിലെ ഡോക്ടറെക്കണ്ടാലും മതി.
എല്ലാ നിബന്ധനകളും പാലിക്കാമെന്ന് വാക്കു കൊടുത്തു.
ചികില്‍സിച്ച ഡോക്ടര്‍മാര്‍ക്കും പരിചരിച്ച നഴ്സുമാര്‍ക്കും നന്ദിയോതി വീട്ടിലേക്കു പോന്നു.
ഉമ്മ തിരിച്ചെത്തിയതോടെ വീട് ഉണര്‍ന്നു.
മരുന്നും മാസാമാസമുള്ള പരിശോധയും മുടങ്ങാതെ തുടര്‍ന്നു.
പതുക്കെപ്പതുക്കെ മുഖത്തെയും ശരീരത്തിലെയും പാടുകള്‍ മാഞ്ഞു തുടങ്ങി.
പഴയ രൂപത്തിലേക്ക് ഉമ്മ തിരിച്ചെത്തിക്കൊണ്ടിരുന്നു.
പുറമെ രോഗം ഇല്ലാതായെങ്കിലും രോഗാണുക്കള്‍ അപ്പോഴും രക്തത്തില്‍ ബാക്കി കിടപ്പുണ്ടെന്നും അവ പൂര്‍ണ്ണമായും നശിച്ചു ഇല്ലാതാവുന്നതു വരെ മരുന്നും രക്ത പരിശോധനയും തുടരണമെന്നുമായിരുന്നു ഡോക്ടറുടെ നിര്‍ദ്ദേശം. ഇനി മാസം തോറും ഉമ്മയെ കൊണ്ടു വരണമെന്നില്ല. രക്ത പരിശോധനാഫലന്‍ മറ്റാരെങ്കിലും വന്നു കാണിച്ചാലും മതി എന്നൊരു ഇളവും അനുവദിച്ചു കിട്ടി.
അതനുസരിച്ച് പിന്നെ ഞനായീ പരിശോധനാ രിസല്‍റ്റുമായി ഡോക്ടറുടെ അടുത്തേക്കുള്ള പോക്ക്.
പരിശോധനയുടെ ഫലമനുസരിച്ച് ചികില്‍സയില്‍ ഡോക്ടര്‍ മാറ്റങ്ങള്‍ വരുത്തി.
മാസങ്ങള്‍ പിന്നെയും കുറേ കടന്നു പോയി.
ഒരിക്കല്‍ പരിശോധനയുടെ രിസല്‍റ്റ് വായിച്ച ശേഷം മുഖമുയര്‍ത്തി സന്തോഷത്തോടെ ഡോക്ടര്‍ പറഞ്ഞു; "ഉമ്മാടെ രോഗം ഇപ്പോള്‍ പൂര്‍ണ്ണമായി ഭേദമായിരിക്കുന്നു. രക്ഠത്തിലും ഇപ്പോള്‍ രോഗാണുക്കള്‍ ഇല്ലാതായിക്കഴിഞ്ഞു. അകത്തുമില്ല പുറത്തുമില്ല രോഗം എന്നു സാരം. അതുകൊണ്ടു തന്നെ ഉമ്മ ഇനി മരുന്നുകളൊന്നും കഴിക്കേണ്ടതുമില്ല. ഒരു നെടുവീര്‍പ്പിനു ശേഷം അദ്ദേഹം തുടര്‍ന്നു; " വള്രെയേറെക്കാലം കൊണ്ടു മാത്രം ഭേദമായിക്കിട്ടുന്ന ഒരു രോഗമായിരുന്നു ഉമ്മായുടേത്. രോഗം ഭേദമാകാനെടുക്കുന്ന ഈ കാലയളവിനുള്ളില്‍ ശരീര ഭാഗങ്ങള്‍ക്ക് വീണ്ടെടുക്കാനാവാത്ത കേടുപാടുകള്‍ സംഭവിക്കുക പതിവാണ്. ഉമ്മാടെ കാര്യത്തില്‍ ഇതൊന്നും സംഭവിക്കാതിരുന്നത് മരുന്നിന്റെ ശക്തി കൊണ്ടു മാത്രമല്ല, നിങ്ങള്‍ മക്കളുടെ സ്നേഹത്തിന്റെയും ശ്രദ്ധയുടെയും ശക്തി കൊണ്ടു കൂടിയാണ് ". പിന്നെ, അടുത്തേക്കു വിളിച്ചു ചുമലില്‍ കൈവെച്ചു വല്‍സല്യപൂര്‍വ്വം കൂട്ടിച്ചേര്‍ത്തു; " അങ്ങിനെ വേണം നല്ല മക്കളായാല്‍".
ഡോക്ടറുടെ വാകുകള്‍ കേള്‍ക്കെ സന്തോഷം കോണ്ട് കണ്ണുകള്‍ രണ്ടും നിറഞ്ഞു. അദ്ദേഹം ചെയ്ത എല്ലാ സഹായങ്ങള്‍ക്കും ഉള്ളു നിറഞ്ഞു നന്ദി പറഞ്ഞു. പിന്നെ, രോഗം കൊണ്ടും ഭയം കൊണ്ടും ഞെരുക്കങ്ങള്‍ കൊണ്ടും സ്ര്ഷ്ടികളെ പരീക്ഷിക്കുകയും ദുര്‍ഘട ഘട്ടങ്ങളില്‍ ക്ഷമ കാക്കൊള്ളുന്നവര്‍ക്ക് സന്തോഷമെത്തിക്കുകയും ചെയ്യുന്ന സ്ര്ഷ്ടാവിനെ സ്തുതിച്ചു തിരിച്ചു പോന്നു.
അക്കാലത്ത് ജിജ്ഞാസ അടക്കാനാവാത്ത ചിലരൊക്കെ നിധിയുടെ കഥയുമായി ബന്ധപ്പെടുത്തി ഉമ്മാടെ അസുഖത്തെക്കുറിച്ച് എന്നോട് വിഷേഷമാരായാറുണ്ട്. അത്തരക്കാരോട് അവരുടെ പ്രായമോ സ്ഥാനമോ കണക്കിലെടുക്കാതെ കലി കയറിയവനെപ്പോലെ ഞാന്‍ കയര്‍ത്തു സംസാരിക്കുമായിരുന്നു.
ഇന്ന് എന്റെ മനസ്സില്‍ കലിയില്ല.
സംവല്‍സരങ്ങള്‍ക്ക് മുമ്പ് ഞാന്‍ നേരിട്ട അതേ ചോദ്യം, നിധി കിട്ടിയത് നേരാണൊ എന്ന ചോദ്യം, ഇന്നാരെങ്കിലും എന്നോട് ചോദിച്ചാല്‍ തെല്ലും ഞാന്‍ ക്ഷോഭിക്കില്ല. പകരം, ചോദിക്കുന്നവരുടെ വലതു കരം ഉള്ളം കൈയ്യിലെടുത്ത് ഒരു സത്യ വാചകം ചൊല്ലുന്നവനെപ്പോലെ ഞാനവരോട് തറപ്പിച്ചു പറയും; " അതെ, നിധി കിട്ടിയത് നേരാണ്. കിട്ടിയത് പക്ഷെ ഉമ്മാക്കല്ല, ഞങ്ങള്‍ മക്കള്‍ക്കായിരുന്നു. രോഗം കാര്‍ന്നു തിന്ന് ഇല്ലാതാവുമായിരുന്ന ഉമ്മായെ ഒരു പോറലും കൂടാതെ ഞങ്ങള്‍ക്കു തിരിച്ചു കിട്ടിയില്ലേ! മാതാപിതാക്കളേക്കാള്‍ അമൂല്യമായ മറ്റെന്ത് നിധിയുണ്ട് മക്കള്‍ക്ക് കിട്ടാനായി ഈ മണ്ണില്‍?!".
ശരിയല്ലേ താന്‍ പറഞ്ഞത് എന്ന ചോദ്യ ഭാവത്തില്‍, കഥ പറച്ചില്‍ അവസാനിപ്പിച്ച്, ഉണ്ണിക്ക ഞങ്ങളുടെ മുഖങ്ങളിലേക്ക് മാറി മാറി നോക്കി.
ഉല്‍ക്ര്ഷ്ടമായ ഏതോ വികാരം കൊണ്ടെന്ന പോലെ ഉണ്ണിക്കായുടെ മുഖം ദീപ്തമായിരിക്കുന്നത് ഞങ്ങള്‍ കണ്ടു.
നോക്കിയിരിക്കെ ആ ദീപ്തി ഞങ്ങളിലാകെ പടരുന്നതായും ഞങ്ങള്‍ക്കു തോന്നി.