ഗള്‍ഫുകാരന്‍ മറ്റുള്ളവര്‍ക്കു വേണ്ടി ഉരുകിത്തീരുന്ന മെഴുകു തിരിയാണെന്ന അര്‍ഥശൂന്യവും അരോചകവുമായ വിലാപ കാവ്യം പുതിയ തലമുറയും ഏറ്റു പാടുന്നതു കാണുമ്പോള്‍ തികഞ്ഞ നിരാശ തോന്നുന്നു. മെഴുകു തിരികളായി ഉരുകിത്തീരാന്‍ തീരുമാനിച്ചു വിമാനം കയറിയവരാണൊ നമ്മള്‍? തീര്‍ച്ചയായുമല്ല! പിന്നെ എവിടെ നിന്നു കിട്ടി സ്വയം സഹതാപ കഥാപാത്രങ്ങളാക്കുന്ന ഈ മെഴുകു തീരി സങ്കല്പം നമുക്ക്?
നാട്ടില്‍ നിന്നാല്‍ രക്ഷയില്ല എന്ന അരക്ഷിതത്വ ബോധം മൂത്തും ഗള്‍ഫിലെത്തിപ്പെട്ടാല്‍ നാട്ടില്‍ സ്വര്‍ഗ്ഗം പണിയാം എന്നു സ്വപ്നം കണ്ടും കടല്‍ കടന്നവരല്ലേ നമ്മള്‍. ഇവിടെ എത്തുമ്പോഴാണ് നാമറിയുന്നത്, അറബിക്കഥകളില്‍ വായിക്കാമെന്നല്ലാതെ നൊടിയിട കൊണ്ട് നമ്മെ സമ്പന്നരാക്കുന്ന ഒരു അല്‍ഭുത വിളക്കും അറബി നാടുകളില്‍ കിട്ടാനില്ല എന്ന്. ജീവിത വിജയം ഇവിടെയും കഠിനാദ്ധ്വാനം കൊണ്ടും സ്ഥിരോത്സാഹം കൊണ്ടും നേടിയെടുക്കേണ്ട കനിയാണെന്ന്. ഈപരമാര്‍ത്ഥമുള്‍ക്കൊണ്ടവര്‍ അതിനായി പ്രയത്നിക്കുന്നു. ചിലര്‍ അതില്‍ വിജയിക്കുന്നു മറ്റു ചിലര്‍ പരാജയപ്പെടുന്നു. വിജയിച്ചവരും ആത്മാര്‍ഥമായി പരിശ്രമിച്ചു പരാജയപ്പെട്ടവരും പക്ഷെ ഈ വിലാപ കാവ്യം പാടുന്നില്ല എന്നതാണ് കാര്യം. വയറ്റത്തടിച്ചു ഇതു പാടുന്നതു മറ്റൊരു കൂട്ടരാണ്. ജീവിതത്തില്‍ ഒരു ഉല്‍കര്‍ഷേച്ചയും കാണിക്കാതെ ഒരു പരിശ്രമവും നടത്താതെ കാലം കഴിച്ചവര്‍. രസകരമായ കാര്യം അതൊന്നുമല്ല, അറ്റ കൈക്കു പോലും ഉപ്പു തേക്കാത്ത വിരുതന്മാരാണ് പലപ്പോഴും ഈ വിലാപ കാവ്യം അലമുറയിട്ടു പാടി നടക്കുന്നത്. മുപ്പതോ നാല്പതോ വര്‍ഷത്തെ ഗള്‍ഫു ജീവിതത്തിനിടയില്‍ ആയിരമോ രണ്ടായിരമോ ആര്‍ക്കെങ്കിലും അയച്ചു കൊടുത്ത കഥയാവും ആകെക്കൂടി അവര്‍ക്കു പറയനുണ്ടാവുക! പക്ഷെ ഗള്‍ഫു ജീവിതം കൊണ്ട് എന്തു നേടി എന്ന ചോദ്യം നേരിടേണ്ടി വരുമ്പോഴൊക്കെ ടിവിക്കു മുന്നിലും ബ്ലാങ്കറ്റിനടിയിലും തങ്ങള്‍ പാഴാക്കിക്കളഞ്ഞ കാലമത്രയും മെഴുകുതിരി എന്ന മേലങ്കി കൊണ്ട് അവര്‍ മൂടി വെക്കാന്‍ ശ്രമിക്കുന്നു. ഗള്‍ഫില്‍ അധ്വാനിച്ചു സമ്പാദിച്ചതെല്ലാം ഒരു വിവേചനവും കൂടാതെ ചോദിക്കുന്നവര്‍ക്കെല്ലാം നല്‍കി ഒന്നുമില്ലാതായിപ്പോയവര്‍ ഇല്ലെന്നല്ല. പക്ഷെ അക്കൂട്ടരെ മെഴുകുതിരികളോടുപമിച്ച് മഹാന്മാരാക്കുകയല്ല, മരമണ്ടന്മാര്‍ എന്നു വിളിച്ചു നിഷ്കരുണം പരിഹസിക്കുകയാണ് വേണ്ടത്. തീര്‍ച്ചയായും കാരുണ്യം ഒരു വില കുറഞ്ഞ വികാരമോ കര്‍മ്മമോ അല്ല. അതേ സമയം നാം ചെയ്ത കാരുണ്യങ്ങള്‍ മാലോകരുടെ മുമ്പില്‍ വിളമ്പി മേനി നടിക്കാനുള്ളതോ താനൊരു ഉദാര മനസ്കനായതു കൊണ്ടാണ് ഒന്നുമില്ലാതായിപ്പോയത് എന്ന് മാറ്റാന്മാരുടെ മുമ്പില്‍ കരഞ്ഞു കാണിക്കാനുള്ളതോ അല്ല. മറിച്ച് ദൈവത്തിന്റെ കണ്ണിലും നമ്മെ നമ്മുടെ തന്നെ കണ്ണിലും ഉന്നതരാക്കുന്ന അഭിമാനകരമായ കര്‍മ്മങ്ങളാണ് അവയെല്ലം. സ്വന്തം കരുണ കാരണമാണ് താനിങ്ങനെ തുലഞ്ഞു പോയത് എന്ന് വിലപിക്കുന്നവന്‍ സത്ത്യത്തില്‍ താനൊരു പോരാത്തവനായി കാലം കഴിച്ചു എന്ന് വിളിച്ചു പറയുകയാണ് ചെയ്യുന്നത്.
അതു കൊണ്ട് മുന്‍ഗാമിഗകളായ ചില പ്രവാസികള്‍ തങ്ങളുടെ പരാജയങ്ങള്‍ മൂടിവെക്കാനായി തുന്നിക്കൂട്ടിയ മെഴുകുതിരി എന്ന മേലങ്കിയില്‍ ഒളിക്കാതെ അത് ദൂരെ ദൂരെ വലിച്ചെറിഞ്ഞ് കുടുംബത്തോടും സമൂഹത്തോടുമുള്ള ബാധ്യതകളെല്ലാം ജീവിതത്തിന്റെ ഭാഗമാക്കിക്കൊണ്ടു തന്നെ ജീവിതത്തില്‍ ഞാന്‍ വിജയിക്കും എന്ന ദൃഡ നിശ്ചയത്തോടെ മുന്നോട്ടു പോവുകയാണ് വേണ്ടത്. വിജയിച്ചാല്‍ നിങ്ങള്‍ക്കു സന്തോഷിക്കാം, പരാജയപ്പെട്ടാലും സന്തോഷിക്കാം. കാരണം പരിശ്രമവും വിജയത്തോളം സംതൃപ്തകരമാണ്. അതിനു കഴിയാത്തവര്‍ ഒരു പകര്‍ച്ച വ്യാധി പോലെ മറ്റുള്ളവരുടെ കൂടി ആത്മവിശ്വാസവും കര്‍മ്മ വീര്യവും ചോര്‍ത്തിക്കളയുന്ന ഈ വിലാപം നിര്‍ത്തി തിരിച്ചു പോകട്ടെ. നാം ഉപേക്ഷിച്ചു പോന്ന ഇന്ത്യാ മഹാ രാജ്യവും അതില്‍ കേരള സംസ്ഥാനവും അതിനുള്ളില്‍ നാമെല്ലാം പാടിപ്പുകഴ്ത്തുന്ന നമ്മുടെയെല്ലാം ജന്മ ഗ്രാമങ്ങളൂം ഒരു സ്ഥാന ചലനവും സംഭവിക്കാതെ യഥാ സ്ഥാനങ്ങളില്‍ ഇപ്പോഴുമുണ്ട്. തിരിച്ചു പോകുമ്പോഴും അവര്‍ ഒരു കാര്യം ഓര്‍ക്കട്ടെ, അമേരിക്കയിലോ അബൂദാബിയിലോ താന്താങ്ങളുടെ ഗ്രാമങ്ങളിലോ ആണ് തങ്ങള്‍ എന്നുള്ളതല്ല, ജീവിതത്തെ തങ്ങള്‍ എങ്ങിനെ സമീപിക്കുന്നു എന്നതാണ് പ്രധാനം. ലോകത്തിന്റെ ഏതു കോണിലായാലും വിലപിച്ചു കാലം കഴിച്ചവര്‍ ജീവിതത്തില്‍ വിജയിച്ചിട്ടില്ല, വിജയിച്ചവരാരും- അവരുടെ പരാജയങ്ങളില്‍ പോലും- വിലപിക്കാനായി സമയം പാഴാക്കിയിട്ടുമില്ല. വ്യഖ്യാതമായ ആ ഇംഗ്ലീഷ് പഴമൊഴി എപ്പോഴും ഉള്ളിലുന്ണ്ടായിരിക്കട്ടെ, 'Fortune favours only the brave and the bold'.